മില്‍മയുടെ മിന്നൽ സമരം പിന്‍വലിച്ചു; പാൽ വിതരണം ഇന്ന് പുനഃസ്ഥാപിക്കും

തിരുവനന്തപുരം: സര്‍വിസില്‍നിന്ന്​ വിരമിച്ച ഉദ്യോഗസ്ഥന്​ പുനര്‍നിയമനം നല്‍കിയതിനെതിരെ തൊഴിലാളികൾ നടത്തിയ മിന്നല്‍ പണിമുടക്ക് പിൻവലിച്ചു.  മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെയാണ് പിന്‍വലിച്ചത്.

സമരത്തെ തുടർന്ന് മില്‍മ തിരുവനന്തപുരം മേഖലയിലെ പാല്‍ വിതരണം വ്യാഴാഴ്ച സ്തംഭിച്ചിരുന്നു. രാവിലെ ആറുമുതല്‍ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ നേതൃത്വത്തിലുള്ള പണിമുടക്കിനെ തുടര്‍ന്ന് മേഖല യൂനിയന് കീഴിലെ കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണമാണ് മുടങ്ങിയത്.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രശ്‌നത്തില്‍ ഇടപെട്ടു. ശനിയാഴ്ച തൊഴില്‍-ക്ഷീര വികസന മന്ത്രിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ സംയുക്ത ട്രേഡ് യൂനിയന്‍ പ്രഖ്യാപിച്ച സമരം രാത്രിയോടെ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെയോടെ പാല്‍ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ്​ പ്രതീക്ഷ.

സര്‍വിസില്‍നിന്ന് വിരമിച്ച എം.ഡി ഡോ. പി. മുരളിക്ക് വീണ്ടും മില്‍മ തിരുവനന്തപുരം യൂനിയന്‍ എം.ഡിയായി പുനര്‍നിയമനം നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ബുധനാഴ്ച രാത്രി പാല്‍ വണ്ടികള്‍ പോയശേഷം വ്യാഴാഴ്ച പാല്‍ വിതരണം നടന്നില്ല. ഇതിനാല്‍ കടകളിലും മില്‍മ ബൂത്തുകളിലും മില്‍മ പാലിന് കടുത്ത ക്ഷാമം നേരിട്ടു. വ്യാഴാഴ്ച ഉച്ചക്ക്​ മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി ചര്‍ച്ചക്ക്​ വിളിച്ചെങ്കിലും പുനര്‍നിയമനം പിന്‍വലിച്ചാലേ വരൂവെന്ന നിലപാടാണ് ട്രേഡ്​ യൂനിയനുകള്‍ സ്വീകരിച്ചത്.

മലബാറില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എം.ഡിയായ വന്ന പി. മുരളി 2025 ഏപ്രിലില്‍ സര്‍വിസില്‍നിന്ന് വിരമിച്ചു. ഇദ്ദേഹത്തിന് രണ്ടു വര്‍ഷം കൂടി പുനര്‍നിയമനം നല്‍കി. ക്ഷീരവികസന സെക്രട്ടറി അടക്കമുള്ള റിക്രൂട്ടിങ്​ സമിതിയാണ് മുരളിയെ നിയമിച്ചതെന്നാണ്​ മന്ത്രി പറയുന്നത്. മില്‍മയുടെ ബൈലോ പ്രകാരം നിലവിലെ മുതിര്‍ന്ന ഓഫിസര്‍മാരില്‍നിന്ന് സ്ഥാനക്കയറ്റം വഴി വേണം എം.ഡിയെ തെരഞ്ഞെടുക്കേണ്ടതത്രേ. പുനര്‍നിയമനം ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതയെ ഇല്ലാതാക്കുമെന്നാണ് യൂനിയനുകളുടെ വാദം.

Tags:    
News Summary - Milma's lightning strike called off; milk supply to be restored today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.