ഓണക്കാലത്ത് മില്‍മയുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്

കോഴിക്കോട്: ഓണക്കാലത്ത് മില്‍മയുടെ വില്‍പ്പനയില്‍ വന്‍ കുതിപ്പ്. ഉത്രാടവും തിരുവോണവുമുള്‍പ്പെടെയുള്ള നാലു ദിവസങ്ങളില്‍ 36.38 ലക്ഷം ലിറ്റര്‍ പാലും 6.31 ലക്ഷം കിലോ തൈരും മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ വിറ്റഴിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്് പാല്‍ വില്‍പ്പനയില്‍ 10 ശതമാനവും തൈര് വില്‍പ്പനയില്‍ ഒരു ശതമാനവുമാണ് വര്‍ധന.

ഉത്രാട ദിനത്തില്‍ മാത്രം 13.95 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി. ഒരു ദിവസം ഇത്രയും പാല്‍ വില്‍ക്കുന്നത് മില്‍മ മലബാര്‍ മേഖലാ യൂനിയന്‍റെ ചരിത്രത്തില്‍ ആദ്യമാണ്. കോവിഡ് സൃഷ്​ടിച്ച പ്രതികൂല സാഹചര്യത്തിലും ഈ നേട്ടം കൈവരിക്കാനായെന്ന് ചെയര്‍മാന്‍ കെ.എസ്. മണി, മാനേജിങ്​ ഡയറക്ടര്‍ ഡോ. പി. മുരളി എന്നിവര്‍ അറിയിച്ചു.

ഇതുകൂടാതെ 341 മെട്രിക് ടണ്‍ നെയ്യും 88 മെട്രിക് ടണ്‍ പാലടയും 34 മെട്രിക് ടണ്‍ പേഡയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്​ഥാന സര്‍ക്കാറിന്‍റെ ഓണക്കിറ്റില്‍ 50 ഗ്രാം വീതം മില്‍മ നെയ്യും ഉള്‍പ്പെടുത്തിയിരുന്നു. കിറ്റിലേക്കായി 50 മില്ലിഗ്രാം വീതമുള്ള 43 ലക്ഷം നെയ് കുപ്പികളാണ് മില്‍മ മലബാര്‍ മേഖലാ യൂനിയന്‍ നല്‍കിയത്.

കായിക വകുപ്പുമായി സഹകരിച്ച് സംസ്ഥാനത്തെ 1700 കായിക വിദ്യാർഥികള്‍ക്ക് മില്‍മ ഉൽപ്പന്നങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. മലബാര്‍ മേഖലാ യൂനിയന്​ കീഴിലെ ക്ഷീരസംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് മില്‍മ ഉൽപ്പന്നങ്ങള്‍ അടങ്ങിയ സ്‌പെഷല്‍ കോമ്പോ കിറ്റ് ഓണക്കാലത്ത് ഡിസ്‌കൗണ്ട് നിരക്കില്‍ നല്‍കി. 43,000 കോമ്പോ കിറ്റുകളാണ് ഈ ഓണക്കാലത്ത് വിതരണം ചെയ്തത്.

Tags:    
News Summary - Milma jumps in sales during Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.