തൈര്, നെയ്യ്, പേട ഉൾപ്പെടെ അനുബന്ധ ഉൽപന്നങ്ങളുടെ വിലയും കൂട്ടുമെന്ന് മിൽമ ചെയർമാൻ

പാലക്കാട്: മിൽമ പാലിന്റെ പുതുക്കിയ വില ഡിസംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരുമെന്ന് ചെയർമാൻ കെ.എസ്. മണി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. വർധനയുടെ 83.75 ശതമാനം കർഷകനും 5.75 ശതമാനം ഡീലർമാർക്കും 0.75 ശതമാനം കർഷകരുടെ ക്ഷേമനിധിയിലേക്കും 3.5 ശതമാനം ഉൽപാദക സംഘങ്ങൾക്കും നൽകും. 0.5 ശതമാനം പ്ലാസ്റ്റിക് നിർമാർജനത്തിനായി മാറ്റിവെക്കും.

വർധനയുടെ ഭാഗമായി ഒരു ലിറ്റർ പാലിന് നിലവിലുള്ള വിലയേക്കാൾ 5.02 രൂപ അധികം കർഷകന് ലഭിക്കും. ക്ഷീരകര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പാൽവില ലിറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്നായിരുന്നു മിൽമ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാർശ.

ഉൽപ്പാദനച്ചെലവ് ഭീമമായി ഉയരുമ്പോഴും ഉപഭോക്താക്കളുടെ താൽപര്യംകൂടി പരിഗണിച്ചാണ് വർധന ആറു രൂപയിൽ പരിമിതപ്പെടുത്തിയത്. പാല്‍ വിലയോടൊപ്പം തൈര്, നെയ്യ്, പേട ഉൾപ്പെടെ അനുബന്ധ ഉൽപന്നങ്ങളുടെ വിലയും കൂട്ടുമെന്ന് മില്‍മ ചെയർമാൻ വെളിപ്പെടുത്തി.

2019ലാണ് മിൽമ പാൽ വില ഇതിനു മുൻപ് വർധിപ്പിച്ചത്. അന്ന് ലിറ്ററിന് നാലു രൂപ കൂട്ടിയപ്പോൾ 3.35 രൂപ ക്ഷീര കർഷകർക്ക് നൽകിയിരുന്നു. പാൽ വില വർധിപ്പിക്കണമെന്ന വിദഗ്ധ സമിതി റിപ്പോർട്ടി​ന്റെ വെളിച്ചത്തിൽ മുഖ്യമന്ത്രിയും ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചു റാണിയും മില്‍മ ചെയര്‍മാനും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഈ​ യോഗത്തിലാണ് ലിറ്ററിന് ആറു രൂപ വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.