കോട്ടയം: മലയാള ഭാഷയും കൈപ്പിടിയിലൊതുക്കി ഇതര സംസ്ഥാന തൊഴിലാളികൾ. സംസ്ഥാനത്ത് ആദ്യമായി അവർക്കായി നടത്തിയ പരീക്ഷയിൽ മലയാളത്തിെൻറ ആദ്യകടമ്പ മറികടന്ന് 469 പേർ. കേരളത്തിെൻറ തൊഴിലിടങ്ങളിലെ സജീവസാന്നിധ്യമായ മറ്റ് സംസ്ഥാനങ്ങളിലെ തൊഴിലാളികളെ മലയാളം പഠിപ്പിക്കാനുള്ള സംസ്ഥാന സാക്ഷരത മിഷെൻറ ‘ചങ്ങാതി’ പദ്ധതിയുടെ ഭാഗമായി നടത്തിയ പരീക്ഷയിലാണ് മറുനാടൻ മുന്നേറ്റം. പരീക്ഷയിൽ 93.24 ശതമാനമാണ് വിജയം.
വിജയിച്ചവരിൽ ഏറ്റവും കൂടുതൽ അസം സ്വദേശികളാണ് -243 പേർ. ഒഡിഷ -105, ബംഗാൾ -52, ബിഹാർ -46 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ളവരുെട എണ്ണം. മറ്റിടങ്ങളിൽനിന്ന് 23 പേരും വിജയിച്ചവരുടെ പട്ടികയിലുണ്ട്. 503 പേരാണ് പെരുമ്പാവൂരിൽ മേയ് 13ന് നടത്തിയ പരീക്ഷ എഴുതിയത്. മറുനാടൻ തൊഴിലാളികൾക്കായുള്ള സർക്കാറിെൻറ ആദ്യ ഭാഷ പരിപാടിയായ ‘ചങ്ങാതി’ക്ക് എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ടത്.ആദ്യ പരീക്ഷഫലമാണ് പുറത്തുവന്നത്. സാക്ഷരത മിഷൻ തയാറാക്കിയിരിക്കുന്ന ‘ഹമാരി മലയാളം’ എന്ന പുസ്തകം ആധാരമാക്കിയായിരുന്നു പഠനം. ‘ദാൽ...റൊട്ടി..ചാവൽ’ എന്നതായിരുന്നു ആദ്യപാഠം. ശുചിത്വം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആഗസ്റ്റ് 15നായിരുന്നു ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പെരുമ്പാവൂരിൽ പദ്ധതിക്ക് തുടക്കമിട്ടത്. ഇതിെൻറ ഭാഗമായി നഗരസഭയിലെ തൊഴിലാളികളുെട സർവേ നടത്തി. ഞായറാഴ്ച നടന്ന ക്ലാസുകളിൽ ആലുവ മാറാമ്പള്ളി എം.ഇ.എസ് കോളജ് വിദ്യാർഥികളാണ് പഠിപ്പിച്ചത്.
മാതൃക പദ്ധതി ജയിച്ചതോടെ ‘ചങ്ങാതി’ സംസ്ഥാനത്തേക്ക് മുഴുവൻ ജില്ലകളിലേക്കും സാക്ഷരത മിഷൻ വ്യാപിപ്പിച്ചു. മറ്റ് ജില്ലകളിലെ തെരഞ്ഞെടുത്ത ഒാരോ പഞ്ചായത്തുകളിലാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ഏപ്രിൽ ഒന്നിന് ക്ലാസുകൾക്ക് തുടക്കമായി. ഇതിലൂടെ മൊത്തം 5268 പേരാണ് ഇപ്പോൾ മലയാളത്തിെൻറ മധുരം നുകരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.