പൂക്കോട്ടുംപാടം: കാൽനടയായി പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് യാത്ര തിരിച്ച അന്തർസംസ്ഥാന തൊഴിലാളികളെ പൂക്കോട്ടുംപാടം പൊലീസ് തടഞ്ഞു. ചുങ്കത്തറയിൽനിന്ന് നാട്ടിലേക്ക് പോകാൻ പാലക്കാട്ടേക്ക് തിരിച്ച തൊഴിലാളികളെയാണ് പൊലീസ് ഇടപെട്ട് താമസസ്ഥലത്തേക്ക് മടക്കി അയച്ചത്. ചുങ്കത്തറ പൂക്കോട്ടുമണ്ണയിൽ താമസിച്ച തൊഴിലാളികളാണ് കാൽനടയായി തിരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാേലാടെ പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് ഇവരെ കാണുകയും വിവരങ്ങൾ ശേഖരിച്ച് താമസസ്ഥലത്തേക്ക് മടക്കുകയുമായിരുന്നു.
തങ്ങളുടെ ആധാർ രേഖകളും ജോലി ചെയ്ത പണവും നൽകാതെ ചുങ്കത്തറ സ്വദേശിയായ കോൺട്രാക്ടർ പറ്റിച്ചുവെന്ന് തൊഴിലാളികൾ പറഞ്ഞു. എന്നാൽ, ഓൺലൈൻ വഴി യാത്ര ബുക്ക് ചെയ്തവർക്ക് മാത്രമേ െട്രയിനിൽ സ്വദേശത്തേക്ക് യാത്ര മടങ്ങാനാവൂ എന്നിരിക്കെ തൊഴിലുടമ അധാർ രേഖകൾ പിടിച്ച് വെച്ചതിനാൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാതെയാണ് തൊഴിലാളികൾ പാലക്കാട്ടേക്ക് തിരിച്ചത്.
അവിടെനിന്ന് ടിക്കെറ്റെടുത്ത് യാത്ര ചെയ്യാനായിരുന്നു ഇവർ കരുതിയിരുന്നത്.
ഒടുവിൽ പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവും സംഘവും സ്ഥലത്തെത്തി ചുങ്കത്തറ സ്വദേശിയായ തൊഴിലുടമയുമായി ഫോണിൽ സംസാരിക്കുകയും തൊഴിലാളികളെ ബോധവത്കരിച്ച് തിരിച്ചയക്കുകയായിരുന്നു. പൂക്കോട്ടുംപാടം ജനമൈത്രി പൊലീസ് ബീറ്റ് ഓഫിസറും എ.എസ്.ഐയുമായ ടി. ബാലെൻറ സംയോജിതമായ ഇടപെടലാണ് തൊഴിലാളികളെ തിരിച്ചയക്കാനായത്.
ചൊവ്വാഴ്ച കരുളായിൽനിന്നുള്ള മറ്റൊരു ഇതര സംസ്ഥാന തൊഴിലാളി സംഘവും വാണിയമ്പലം റെയിൽവേ പാളത്തിലൂടെ സ്വദേശത്തേക്ക് യാത്ര തിരിച്ചിരുന്നു. വണ്ടൂർ പൊലീസ് ഇടപെട്ട് ഇവരെ മടക്കി താമസ സ്ഥലത്ത് എത്തിക്കുകയായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികൾ ചേർന്ന് രൂപവത്കരിച്ച വാട്സ് ആപ് ഗ്രൂപ്പുകളിൽ വരുന്ന സന്ദേശങ്ങളെ പിന്തുടർന്നാണ് തൊഴിലാളികൾ യാത്ര തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.