പെരിന്തൽമണ്ണ: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ തുടങ്ങാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ആസ്ഥാനമായി സ്വകാര്യ സർവകലാശാലക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ എം.ഇ.എസ് വാർഷിക പൊതുയോഗം തീരുമാനിച്ചു. വാർഷിക ബജറ്റിൽ ഇതിന് 35 കോടി രൂപ വകയിരുത്തി. 668 കോടിയുടെ വാർഷിക ബജറ്റ് യോഗത്തിൽ അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. കുഞ്ഞുമൊയ്തീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കോഴിക്കോട് എം.ഇ.എസ് ആസ്ഥാനത്തിന് 12 കോടി, എയ്ഡഡ് കോളജുകൾക്ക് 18 കോടി, സ്വാശ്രയ, പാരലൽ ആൻഡ് ട്രെയിനിങ് കോളജുകൾക്ക് 16 കോടി, മെഡിക്കൽ കോളജിനും അനുബന്ധ സ്ഥാപനങ്ങൾക്കും 39 കോടി, എൻജി. ആൻഡ് ആർക്കിടെക്ചർ കോളജുകൾക്ക് 15.5 കോടി, എയ്ഡഡ് സ്കൂളുകൾക്ക് നാലു കോടി, സി.ബി.എസ്.ഇ, സംസ്ഥാന സിലബസ് അൺഎയ്ഡഡ് സ്കൂളുകൾക്ക് 28 കോടി, ഓർഫനേജിന് ഒരു കോടി, കൾചറൽ കോംപ്ലക്സ്, ഐ.ടി.സി, മറ്റു സ്ഥാപനങ്ങൾ എന്നിവക്ക് 2.7 കോടി, ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഒരു കോടി എന്നിങ്ങനെയും നീക്കിവെച്ചു.
നാക് അക്രഡിറ്റേഷനിൽ ഉയർന്ന ഗ്രേഡ് വാങ്ങിയ എം.ഇ.എസ് കല്ലടി കോളജ്, കൂടുതൽ പേർ പിഎച്ച്.ഡി ബിരുദം നേടിയ മമ്പാട് എം.ഇ.എസ് കോളജ്, പോസ്റ്റ് ഗ്രാജ്വേഷനിൽ മികവ് പുലർത്തിയ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജ്, സ്വാശ്രയ കോളജുകളിൽ മികവ് പുലർത്തിയ പെരിന്തൽമണ്ണ എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജ്, കെ.ഐ.ആർ.എഫ് റാങ്കിങ്ങിൽ മികവ് പുലർത്തിയ എയ്ഡഡ് കോളജുകൾ, ഹയർസെക്കൻഡറി സ്കൂളുകൾ, ഹൈസ്കൂളുകൾ, ഗവേഷണ മികവ് പുലർത്തിയ അധ്യാപകർ എന്നിവർക്കുള്ള പുരസ്കാരങ്ങൾ വിതരണംചെയ്തു. ട്രഷറർ ഒ.സി. സ്വലാഹുദ്ദീൻ വരവുചെലവ് കണക്ക് അവതരിപ്പിച്ചു.
സി.ടി. സക്കീർ ഹുസൈൻ സ്വാഗതവും എസ്.എം.എസ് മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.