ജോ​ലി തി​രി​കെ ല​ഭി​ക്കാ​ൻ ആ​റാം​വ​ർ​ഷ​വും മേ​ഴ്സി പോ​രാ​ട്ട​ത്തി​ൽ

കല്‍പറ്റ: സര്‍വിസ് ചരിത്രത്തില്‍ അസാധാരണ പിരിച്ചുവിടലിനിരയായി ജോലി നഷ്ടപ്പെട്ട അംഗന്‍വാടി ടീച്ചര്‍ നീതിക്കുവേണ്ടി അലയുന്നു. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ അഴിമതിമോഹം ജീവിതം തകർത്ത മേഴ്സി ജോര്‍ജ് നീതിക്കുവേണ്ടി മുട്ടാത്ത വാതിലുകളില്ല. നിയമപോരാട്ടം ആറാംവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ജോലി തിരികെ ലഭിച്ചില്ലെന്നു മാത്രമല്ല, സൂപ്പര്‍വൈസര്‍ റാങ്ക് ലിസ്റ്റില്‍ 121ാം സ്ഥാനത്തായിരുന്നിട്ടും നിയമനവും ലഭിച്ചില്ല.

വയനാട് പുല്‍പള്ളി വേലിയമ്പം സ്വദേശിനിയായ ഇവര്‍ക്ക് 2012 ഫെബ്രുവരിയിലാണ് മൂഴിമല അംഗന്‍വാടിയില്‍നിന്ന് പുറത്തുപോകേണ്ടിവന്നത്. മൂന്നുദിവസത്തെ മെഡിക്കല്‍ ലീവ് കഴിെഞ്ഞത്തിയ മേഴ്സി, അംഗന്‍വാടി മറ്റൊരു പൂട്ട് ഉപയോഗിച്ച് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. ഇത് സംബന്ധിച്ച് ശിശു വികസന പദ്ധതി ഓഫിസര്‍ക്ക് (സി.ഡി.പി.ഒ) പരാതി നല്‍കി. കോടതിയിലും സര്‍ക്കാര്‍ ഓഫിസുകളിലും നല്‍കിയ പരാതികള്‍ പാതിവഴിയില്‍ നടപടികളില്ലാതെ നിലച്ചുപോകുന്ന സാഹചര്യത്തില്‍ ഇനി എന്തുചെയ്യണമെന്നറിയാതെ കഴിയുകയാണ് രണ്ടു പെൺകുട്ടികളുടെ മാതാവായ ഇവർ.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരണപ്പെട്ടതോടെ മക്കളെയും കൊണ്ട് മറ്റൊരുസ്ഥലത്ത് വാടകക്ക് താമസിക്കുകയാണ്. 1992ല്‍ ലഭിച്ച ജോലി നഷ്ടപ്പെട്ടത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രിക്കും 2012 മുതല്‍ മൂന്നുതവണ പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. 2014ല്‍ 15500/B2/14/sjd എന്ന ഫയലില്‍ ഡിസംബര്‍ 24ന് ചേര്‍ന്ന മന്ത്രിസഭ യോഗം നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാനും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമെടുത്തതായി അറിഞ്ഞിരുന്നു. എന്നാല്‍, ഈ ഫയല്‍ മുന്നോട്ടുപോയില്ല. എൽ.ഡി.എഫ് സര്‍ക്കാര്‍ വന്നതോടെ പ്രസ്തുത ഫയല്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ട്.

ജോലിയില്‍നിന്ന് അകാരണമായി പിരിച്ചുവിട്ടതും സൂപ്പര്‍വൈസര്‍ നിയമനത്തിലെ ക്രമക്കേടും സംബന്ധിച്ച് 2014ല്‍ ഹൈകോടതിയില്‍ പരാതി നല്‍കി. അതി​െൻറ അടിസ്ഥാനത്തില്‍ പൂട്ടിക്കിടക്കുന്ന അംഗന്‍വാടി തുറക്കാനും പുറത്താക്കപ്പെട്ട കാലയളവിലെ വേതനം ലഭ്യമാക്കാനും സൂപ്പര്‍വൈസറായി നിയമനം നല്‍കാനും കോടതി സാമൂഹികനീതി വകുപ്പിന് നിർദേശം നല്‍കി. ഇതി​െൻറ അടിസ്ഥാനത്തില്‍ കുറ്റക്കാരില്‍നിന്ന് 10 ലക്ഷം രൂപ ഈടാക്കി പരാതിക്കാരിക്ക് നല്‍കാന്‍ ഡിപ്പാർട്മ​െൻറ് ഉത്തരവായി. എന്നാല്‍, ഈ ഉത്തരവ് സി.ഡി.പി.ഒ ഓഫിസില്‍ പൂഴ്ത്തി. ഇതിനിടെ കേസിൽ വക്കീലി​െൻറ ഇടപെടലുകൾ സംശയം ജനിപ്പിച്ചു. ഇതുസംബന്ധിച്ച കോടതിരേഖകള്‍ ലഭ്യമാക്കാന്‍ ബാര്‍കൗണ്‍സിലിന് അപേക്ഷ നല്‍കിയിരിക്കുകയാണിപ്പോൾ.

ഇതിനിടെ വിജിലന്‍സിനും പരാതി നല്‍കി. താന്‍ 2014ല്‍ ജോലിയില്‍നിന്ന് രാജിവെച്ചതായുള്ള രാജിക്കത്തും 2015 മുതല്‍ ലീവിലാണെന്നുള്ള അവധി അപേക്ഷയും സി.ഡി.പി.ഒ വ്യാജമായി തയാറാക്കിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍, തുടർനടപടി ഉണ്ടായില്ല. ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവി​െൻറ ഒത്താശയോടെയാണ് ഫയല്‍ പൂഴ്ത്തുന്നതെന്നും തന്നെ ജോലിയില്‍നിന്ന് പുറത്താക്കുന്നതിന് ശ്രമിച്ച വാര്‍ഡ് മെംബറായ പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെതിരെ കേസ് കൊടുത്തതി​െൻറ പ്രതികാരമാണ് ദുരനുഭവങ്ങൾക്കു പിന്നിലെന്നും മേഴ്സി പറയുന്നു.

Tags:    
News Summary - mercy fight for job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.