ആർത്തവ അവധി നൽകി കുസാറ്റ്; ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധി

എറണാകുളം: വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല. ഓരോ സെമസ്റ്ററിലും രണ്ട് ശതമാനം അധിക അവധിയാണ് വിദ്യാർഥിനികൾക്ക് ലഭിക്കുക. കുസാറ്റിലെ എസ്.എഫ്‌ഐ യൂനിറ്റ് നൽകിയ നിവേദനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടെ കേരളത്തിലാദ്യമായി ആർത്തവ അവധി അനുവദിക്കുന്ന സർവകലാശാല എന്ന പദവി നേടി ചരിത്രമാവുകയാണ് കുസാറ്റ്.

ബിഹാറായിരുന്നു ഇതിന് മുൻപ് ആര്‍ത്തവ അവധി നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം. ഇതേ തുടർന്ന് ബാക്കിയുള്ള സംസ്ഥാനങ്ങളിലെ സ്ത്രീകൾക്ക് ആർത്തവ അവധി നിഷേധിക്കുന്നത് അവകാശ ലംഘനമാണെന്നും ആര്‍ത്തവ അവധി ആവശ്യപ്പെടുകയും ചെയ്ത് അഭിഭാഷകയായ ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

വിദ്യാര്‍ഥിനികള്‍ക്കും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ആര്‍ത്തവ അവധി നല്‍കണമെന്നായിരുന്നു ഹരജി. ആർത്തവ സമയത്ത് ഒരു സ്ത്രീ കടന്ന് പോകുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ വളരെ വലുതാണ്. ആര്‍ത്തവ വേദന ജീവനക്കാരിയുടെ ഉത്പാദനക്ഷമത കുറയ്ക്കുമെന്നും ഇത് ജോലിയെ ബാധിക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ കമ്പനികളായ സൊമാറ്റോ, ബൈജൂസ്, സ്വിഗ്ഗി, മാതൃഭൂമി, മാഗ്സ്റ്റർ, ഇൻഡസ്ട്രി, എ.ആർ.സി, ഫ്‌ളൈമൈബിസ്, ഗോസൂപ്പ് തുടങ്ങി രാജ്യത്തെ ഒരു കൂട്ടം സ്ഥാപനങ്ങൾ ശമ്പളത്തോട് കൂടിയ ആർത്തവ അവധി സ്ത്രീകൾക്ക് നൽകുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നു.

Tags:    
News Summary - menstrual leave has been granted to the students of kusat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.