തൊടുപുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ മരുന്ന് വാങ്ങലും വിതരണവും ഉൾപ്പെടെ നടപടി കേന്ദ്രീകൃത ഒാൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. സുതാര്യ നടപടികളിലൂടെ മരുന്നുകൾ അർഹരായവരിലേക്ക് എത്തുന്നു എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിന് മുന്നോടിയായി സർക്കാർ ആശുപത്രികളോടനുബന്ധിച്ച ഫാർമസികൾ പൂർണമായി കമ്പ്യൂട്ടർവത്കരിക്കും.
സംവിധാനം നടപ്പാക്കുന്നതിെൻറ ഭാഗമായി ഡ്രഗ് ഡ്രിസ്ട്രിബ്യൂഷൻ മാനേജ്മെൻറ് സിസ്റ്റം (ഡി.ഡി.എം.എസ്) എന്ന പേരിൽ കേന്ദ്രീകൃത ഒാൺലൈൻ പ്രോഗ്രാമും പ്രത്യേക സോഫ്റ്റ്വെയറും വികസിപ്പിച്ചു. മരുന്ന് വാങ്ങലും വിതരണവും കുറ്റമറ്റതാക്കാനും മരുന്നുകൾ കാലാവധി കഴിഞ്ഞുപോകുന്നതുമൂലമുള്ള നഷ്ടം ഒഴിവാക്കാനും മരുന്നുക്ഷാമം പരിഹരിക്കാനും സംവിധാനം സഹായിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വാങ്ങൽ മുതൽ വിതരണംവരെ എല്ലാ ഘട്ടങ്ങളിലും വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയുമെന്നതാണ് സംവിധാനത്തിെൻറ പ്രധാന മേന്മ. പുതിയ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ടുമാർ, മെഡിക്കൽ ഒാഫിസർമാർ, സ്റ്റോർ സൂപ്രണ്ടുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്കും മരുന്ന് വാങ്ങുന്നതിെൻറയും സൂക്ഷിക്കുന്നതിെൻറയും വിതരണം ചെയ്യുന്നതിെൻറയും ചുമതലയുള്ള കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി) അധികൃതർക്കും സർക്കാർ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
സംവിധാനമനുസരിച്ച് ആദ്യം ആശുപത്രികൾ ഡി.ഡി.എം.എസ് സോഫ്റ്റ്വെയർ വഴി വാർഷിക ഇൻഡൻറ് തയാറാക്കും. ആരോഗ്യ ഡയറക്ടറേറ്റ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ജില്ല, സംസ്ഥാന തലങ്ങളിൽ ഇതു സൂക്ഷ്മ പരിശോധന നടത്തിയശേഷം ഡി.ഡി.എം.എസ് വഴി കെ.എം.എസ്.സിക്ക് കൈമാറും. മെഡിക്കൽ സർവിസസ് കോർപറേഷൻ അംഗീകൃത ഇൻഡൻറ് പ്രകാരം ഡി.ഡി.എം.എസ് വഴി മരുന്ന് വാങ്ങി വിതരണം ചെയ്യും. ആശുപത്രി ഫാർമസികളിൽനിന്ന് വാർഡുകളിലേക്കുള്ള മരുന്ന് വിതരണം, മറ്റു സ്ഥാപനങ്ങളിൽനിന്ന് മരുന്ന് വാങ്ങലും അവക്ക് നൽകലും എന്നിവയും പുതിയ സംവിധാനം വഴിയായിരിക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ജീവനക്കാർക്ക് മെഡിക്കൽ സർവിസസ് കോർപറേഷൻ പരിശീലനം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.