പ്രവേശന പരീക്ഷ: സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിലെ ഇളവ് ഈ വര്‍ഷം നടപ്പാകില്ല

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാന്‍ നല്‍കിയ ഇളവുകള്‍ ഈവര്‍ഷം നടപ്പാക്കാന്‍ സാങ്കേതിക തടസ്സങ്ങളുമായി പ്രവേശന പരീക്ഷ കമീഷണറേറ്റ്. വിദ്യാഭ്യാസ ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാനും പ്രവേശന പരീക്ഷ അപേക്ഷക്കൊപ്പംതന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കുന്നതിന് പകരം ആദ്യം സത്യവാങ്മൂലവും റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ മാത്രം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നുമാണ് പുതിയ വ്യവസ്ഥ.

എന്നാല്‍, എന്‍ജിനീയറിങ്/ മെഡിക്കല്‍/ അനുബന്ധ കോഴ്സുകളുടെ പ്രവേശന കാര്യത്തില്‍ അടുത്തവര്‍ഷം മുതലേ നടപ്പാക്കാനാവൂ എന്ന നിലപാടിലാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റ്. അപേക്ഷ സമര്‍പ്പണം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തില്‍ ഈവര്‍ഷം നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങള്‍ ഉണ്ടെന്നാണ് കമീഷണറേറ്റ് പറയുന്നത്. നടപ്പാക്കാന്‍ മുന്നൊരുക്കം അനിവാര്യമാണ്.

എസ്.സി/ എസ്.ടി വിഭാഗങ്ങളുടെ സര്‍ട്ടിഫിക്കറ്റില്‍ സംശയമുള്ളത് കിര്‍ത്താഡ്സില്‍ അയച്ച് പരിശോധന നടത്തണം. പുതിയ രീതി നടപ്പാക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനക്ക് മതിയായ സമയം ലഭിക്കില്ല. ഈ പ്രശ്നം മറികടക്കാന്‍ വേഗം പരിശോധന നടത്താന്‍  ആവശ്യമായ ക്രമീകരണം ഒരുക്കണം. ഇക്കാര്യം റവന്യൂമന്ത്രി വിളിച്ച യോഗത്തില്‍ അറിയിച്ചതാണെന്നും കമീഷണറേറ്റ് വ്യക്തമാക്കുന്നു. ഈവര്‍ഷം കഴിഞ്ഞവര്‍ഷം വരെ തുടര്‍ന്ന രീതിയിലേ അപേക്ഷ സ്വീകരിക്കാനാവൂ എന്നും ഇവര്‍ പറയുന്നു.

അതേസമയം, സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാന്‍ മന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഏതുവര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും എന്നത് സംബന്ധിച്ച് വ്യക്തമാക്കാത്തത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രവേശനപരീക്ഷക്ക് അപേക്ഷിക്കാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വില്ളേജ് ഓഫീസുകളില്‍ വന്‍ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റിന്‍െറ കാലാവധി മൂന്നുവര്‍ഷവും വരുമാന സര്‍ട്ടിഫിക്കറ്റിന്‍േറത് ഒരുവര്‍ഷവും നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന്‍േറത് ആജീവനാന്തവുമാക്കി മാറ്റാനാണ് തീരുമാനം. നിയമവകുപ്പിന്‍െറ പരിശോധനകൂടി കഴിഞ്ഞേ ഇതില്‍ റവന്യൂ വകുപ്പ് ഉത്തരവിറക്കൂ. പ്രവേശന പരീക്ഷയുടെ അപേക്ഷക്കൊപ്പം ജാതി, വരുമാന, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുപകരം സത്യവാങ്മൂലം നല്‍കിയാല്‍ മതിയെന്ന ഭേദഗതി കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

അലോട്മെന്‍റിനുള്ള പട്ടികയില്‍ ഇടംപിടിക്കുന്നവര്‍ മാത്രം അലോട്മെന്‍റ് ഘട്ടത്തില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മതിയെന്നാണ് ഭേദഗതി. നീറ്റ് പരീക്ഷയുടെ ഫലം വന്നശേഷമേ കേരളത്തില്‍ മെഡിക്കല്‍, അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നടത്താനാകൂ. ജൂണ്‍ എട്ടിനാണ് നീറ്റിന്‍െറ ഫലം പ്രസിദ്ധീകരിക്കുന്നത്. ഇതിനുശേഷം വിദ്യാര്‍ഥികളില്‍നിന്ന് രേഖകള്‍ വാങ്ങി പരിശോധന പൂര്‍ത്തിയാക്കാനും റാങ്ക് പട്ടിക തയാറാക്കാനും അലോട്മെന്‍റ് നടത്താനും സമയം മതിയാകില്ല. സുപ്രീംകോടതി നിര്‍ദേശിച്ച സമയത്തിനകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നതിനാല്‍ കൗണ്‍സലിങ് നീണ്ടുപോയാല്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയുണ്ടാകും.

അഖിലേന്ത്യ ക്വോട്ടയില്‍ സീറ്റ് ഒഴിവുണ്ടായാല്‍ അവ സംസ്ഥാനങ്ങള്‍ക്ക് നികത്താം. സംസ്ഥാന സര്‍ക്കാറിന്‍െറ അലോട്മെന്‍റ് നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കിയില്ളെങ്കില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമെന്നും പ്രവേശനപരീക്ഷ കമീഷണറേറ്റ് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - medical engineering entrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.