സുരക്ഷ ജീവനക്കാർക്ക് മർദനം: പ്രതിചേര്‍ക്കപ്പെട്ട പൊതുപ്രവര്‍ത്തകരെയും കുടുംബാംഗങ്ങളെയും പൊലീസ് വേട്ടയാടുന്നു -സി.പി.എം

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ച മുമ്പുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തെത്തുടര്‍ന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പൊതുപ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും പൊലീസ് വേട്ടയാടുന്നത് തുടരുകയാണെന്ന് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ്.

കോഴിക്കോട് നഗരത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥന്മാരാണ് ഇതിന് നേതൃത്വം നല്‍കുന്നത്. മെഡിക്കല്‍ കോളജ് സംഭവത്തില്‍, പൊലീസ് അന്വേഷണത്തിലും നടപടിക്രമങ്ങളിലും സി.പി.എം ഒരു നിലയിലും ഇടപെട്ടിട്ടില്ല. ഇത്തരമൊരു സംഭവത്തില്‍ പൊലീസ് സ്വതന്ത്രമായ അന്വേഷണ നടപടികള്‍ സ്വീകരിക്കുക എന്ന എല്‍.ഡി.എഫ് സര്‍ക്കാർ നിലപാടാണ് എല്ലാവരും സ്വീകരിച്ചത്. പ്രതിചേര്‍ക്കപ്പെട്ട രണ്ടുപേര്‍ ഒഴികെ എല്ലാവരും സംഭവം നടന്ന അടുത്ത ദിവസം തന്നെ പൊലീസില്‍ ഹാജരായി. അവര്‍ റിമാന്‍ഡിലാണ്.

കേസുമായി ബന്ധപ്പെട്ട അസാധാരണമായ നടപടികളാണ് പൊലീസിന്‍റെ ഭാഗത്തുനിന്നു ഉണ്ടാകുന്നത്. ഈ സംഭവത്തിന്‍റെ പേരില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുകയാണ് പൊലീസ്. മെഡിക്കല്‍ കോളജിലെ സീനിയര്‍ റിട്ടയേഡ് ഡോക്ടര്‍മാരുടെ വീടുകളിലും പൊലീസ് കയറിയിറങ്ങി ഭീഷണിപ്പെടുത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്ന് പൊലീസ് പറയുന്ന ഒരാളുടെ പൂര്‍ണഗര്‍ഭിണിയായ ഭാര്യയെ മെഡിക്കല്‍ കോളജിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ചികിത്സ തേടി ഇറങ്ങുമ്പോള്‍ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുന്ന സംഭവമുണ്ടായി.

തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം നേരിട്ട് ഇവര്‍ക്ക് വൈദ്യസഹായം തേടേണ്ടി വന്നു. കോഴിക്കോട് പൊലീസ് കമീഷണറുടെ നിര്‍ദേശാനുസരണമാണ് പൊലീസ് സംഘം ഇത്തരം ഹീനമായ നടപടികള്‍ സ്വീകരിക്കുന്നത്. സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്നവര്‍ക്കെതിരെ മാരകമായ വകുപ്പുകള്‍ കൂട്ടിചേര്‍ത്തു. തീവ്രവാദ കേസുകളിലെ പ്രതികളോട് പോലും സ്വീകരിക്കാത്ത നിലയിലുള്ള സമീപനം ആണ് ചില പൊലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. കോഴിക്കോട് നഗരത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നിലയിലാണ് ഒരു സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് റമാന്‍ഡില്‍ കഴിയുന്ന പൊതുപ്രവര്‍ത്തകരെ ആഴ്ചകള്‍ക്ക് ശേഷം പോലീസ് പ്രത്യേക അപേക്ഷ നല്‍കി കസ്റ്റഡിയില്‍ വാങ്ങിയത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്‍റെ പ്രഖ്യാപിതമായ പൊലീസ് നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് നഗരത്തിലെ ചില പോലീസ് ഉന്നത ഉദ്യോഗസ്ഥര്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സി.പി.എമ്മിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേട്ടയാടാനും എല്‍.ഡി.എഫ് സര്‍ക്കാറിനെ പൊതുസമൂഹത്തില്‍ കരിതേച്ചു കാണിക്കാനും ആണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെയുള്ള ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്.

ഇത് തുടരാനാണ് നീക്കമെങ്കില്‍ ജനങ്ങളെ അണിനിരത്തി സി.പി.എം ചെറുത്ത് തോല്‍പ്പിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിന്‍റെ പൊലീസ് നയത്തെ അട്ടിമറിക്കാനും സര്‍ക്കാറിന്‍റെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമിക്കുന്ന ഗൂഢശക്തികളുമായി കൂട്ടുചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Medical college attack: Police hunting public servants and family members -CPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.