കൊടുങ്ങല്ലൂർ: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങൾ അഞ്ചാംപത്തിയായി അധഃപതിക്കുകയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും ചെന്നൈ എഷ്യൻ കോളജ് ഓഫ് ജേണലിസം ചെയർമാനുമായ ശശികുമാർ. എം.ഇ.എസ് ഡയമണ്ട് ജൂബിലി പ്രഭാഷണ പരമ്പരയുടെ ഭാഗമായി ‘സമകാലിക ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യവും ധാർമികതയും’ വിഷയത്തിൽ നടന്ന പരിപാടിയിൽ മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ ഉന്നയിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ ബോധവത്കരിക്കുന്നതിലും സർക്കാറിനെയും അധികാരികളെയും ഉത്തരവാദികളാക്കുന്നതിലും നിർണായക പങ്ക് വഹിക്കേണ്ട മാധ്യമങ്ങൾ ധാർമികമായ റിപ്പോർട്ടിങ്ങും നിഷ്പക്ഷതയും സത്യസന്ധതയും കൈവെടിഞ്ഞ് ജനാധിപത്യത്തെ വഞ്ചിക്കുന്ന നിലയിലേക്ക് മാറുകയാണ്. അസഹിഷ്ണുത പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളുടെയും റേറ്റിങ്ങിനായി പായുന്ന വാർത്താമാധ്യമങ്ങളുടെയും ഇടയിൽ സത്യത്തിനുവേണ്ടി നിലകൊള്ളേണ്ടതിന്റെ ആവശ്യകത മാധ്യമ സമൂഹം മറന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങൾ വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന വേദികളായി മാറാതെ, സാമൂഹിക സാഹചര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന രീതിയിലേക്ക് മാറണമെന്ന് മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ സദസ്സിൽ നിന്നുള്ള ചോദ്യത്തിന് മറുപടിയായി അഭിപ്രായപ്പെട്ടു.
അസ്മാമാബി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാനേജിങ് കമ്മിറ്റി സെക്രട്ടറി ആൻഡ് കറസ്പോണ്ടന്റ് വി.എം. ഷൈൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ അഡ്വ. നവാസ് കാട്ടകത്ത് ഉദ്‌ഘാടനം ചെയ്തു. എം.ഇ.എസ് ജില്ല പ്രസിഡന്റ് പി.കെ. മുഹമ്മദ് ഷമീർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സനന്ദ് സി. സദാനന്ദകുമാർ, സ്വാഗതവും നജ്മ നസീർ നന്ദിയും പറഞ്ഞു.
‘ഇനി സിനിമയിൽ അഭിനയിക്കില്ല’
കൊടുങ്ങല്ലൂർ: ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ശശികുമാർ. പി. വെമ്പല്ലുർ എം.ഇ.എസ് അസ്മാബി കോളജിൽ സംഭാഷണ പരിപാടിയിൽ സദസ്സിൽ നിന്നുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് ഇനി സിനിമയിൽ പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം തീർത്ത് പറഞ്ഞത്.
മമ്മൂട്ടിയോടൊപ്പം ‘ലൗഡ് സ്പീക്കർ’ സിനിമയിൽ അഭിനയിക്കാനുണ്ടായ സാഹചര്യവും ശശികുമാർ വിശദീകരിച്ചു. മമ്മൂട്ടിയും താനും അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയുടെ മകൻ ദുൽക്കറും എന്റെ മകനും ഒന്നിച്ചാണ് പഠിച്ചിരുന്നത്. അങ്ങനെയിരിക്കെയാണ് ഈ സിനിമയിലേക്ക് മമ്മൂട്ടി വിളിക്കുന്നത്. ഇല്ലായെന്ന് പറഞ്ഞെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ആ സിനിമക്കു ശേഷം ഒരു പാട് ഓഫറുകൾ വന്നു. അങ്ങനെ രണ്ട് മൂന്ന് എണ്ണം കൂടി അഭിനയിച്ചു.
പിന്നെയും ഓഫറുകൾ വരികയുണ്ടായി. ഇതോടെ തന്റെ ജീവിതം തന്നെ മാറുമെന്ന് ചിന്തയിൽ സിനിമയിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുന്ന സിനിമയിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.