കൊല്ലം: കേരള ആരോഗ്യ സർവകലാശാലയുടെ എം.ബി.ബി.എസ് പരീക്ഷയിൽ തിരിമറി നടന്ന സംഭവത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. സംഭവത്തില്‍ ആരോഗ്യ സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചു.
2012 ല്‍ എം.ബി.ബി.എസ് പ്രവേശനം നേടിയ മൂന്ന് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇവർക്കുവേണ്ടി മറ്റാരോ ആണ് പരീക്ഷയെഴുതിയത്. മൂന്ന് വിദ്യാർഥികളെയും ഇനിയുള്ള പരീക്ഷകളിൽനിന്ന് സർവകലാശാല വിലക്കി. 2012ല്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ നേരത്തേ എഴുതിയ പല പരീക്ഷകളും പരാജയപ്പെട്ടിരുന്നു. പരീക്ഷ ഡ്യൂട്ടിയിലുള്ളവരുടെ ഒത്താശയോടെയാണ് ഇത് നടന്നതെന്നാണ് സൂചന.
ഇൗ വർഷം ജനുവരിയിൽ നടന്ന മൂന്നാം വർഷ എം.ബി.ബി.എസ് പാർട്ട് ഒന്ന് (അഡീഷനൽ) പരീക്ഷയിലാണ് ക്രമക്കേട് നടത്തിയത്. നേരത്തേ ഇതേ വിഷയങ്ങളിൽ തോറ്റ വിദ്യാർഥികൾക്ക് ഇപ്പോൾ 95 ശതമാനം വരെ മാർക്ക് ലഭിച്ചതാണ് സംശയമുണ്ടാക്കിയത്. മുൻ വർഷങ്ങളിൽ ഇവർ പരീക്ഷയെഴുതിയപ്പോഴുള്ള കൈയക്ഷരവുമായി ഒത്തുനോക്കിയപ്പോൾ യോജിച്ചില്ല. 56 പേജുകൾ വീതമുള്ളതാണ് ഉത്തരക്കടലാസ്. ഇതിൽ രജിസ്റ്റർ നമ്പർ ഭാഗം കീറിമാറ്റി ഒരു കവറിലും ബാക്കി മറ്റൊരു കവറിലുമാക്കിയാണ് സർവകലാശാലയിലേക്ക് അയക്കുക. മൂല്യനിർണയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മൂന്നുപേരുടെ ഉത്തരക്കടലാസുകൾ കീറിയെടുത്ത ഭാഗത്തെയും ശേഷിക്കുന്ന ഭാഗത്തെയും ബാർകോഡുകൾ ചേരുന്നില്ലെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉത്തരക്കടലാസിലെ കൈയക്ഷരം തങ്ങളുടെതല്ലെന്ന് മൂന്ന് വിദ്യാർഥികളും സമ്മതിച്ചു.
പരീക്ഷക്ക് തൊട്ടുമുമ്പാണ് ഓണ്‍ലൈന്‍ വഴി ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ഈ സമയം പരീക്ഷാഹാളില്‍ പുറത്തുനിന്നുള്ള ആരും ഉണ്ടായിരുന്നില്ലെന്ന് കോളജ് അധികൃതര്‍ പറയുന്നു. സംഭവത്തെതുടര്‍ന്ന് ആരോഗ്യ സര്‍വകലാശാല പരീക്ഷകേന്ദ്രം റദ്ദാക്കി. പരീക്ഷാകേന്ദ്രത്തില്‍ ചുമതലയുണ്ടായിരുന്ന ചീഫ് സൂപ്രണ്ട് അടക്കം നാലുപേരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. അതേസമയം, പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കോളജില്നിന്നുള്ളവരെല്ലെന്ന് അസീസിയ മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു. പരീക്ഷാ ചുമതല വഹിച്ചിരുന്നവരും പുറത്തുനിന്നുള്ളവരാണെന്നും കോളജ് അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം: എം.ബി.ബി.എസ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തിൽ നടപടിക്ക് പ്രോ ചാൻസലർ കൂടിയായ ആരോഗ്യമന്ത്രി വീണ ജോർജിെൻറ നിർദേശം. സംഭവം അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.