കൊച്ചി: കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. കുടുംബശ്രീ ദേശീയ മേഖലാതല ശിൽപശാല എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി, കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം 'ലോകോസ്' എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ രൂപകൽപന ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത ബ്ലോക്കുകളിലാണ് പദ്ധതി നടപ്പാക്കുക. ഈ സംസ്ഥാനങ്ങളിലെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ എന്നിവര്‍ക്കായി ഒക്ടോബർ 17 മുതല്‍ 20 വരെയാണ് ത്രിദിന ദേശീയ ശില്‍പശാല.
അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ നേട്ടം. തെരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍.
രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലിപ്പിച്ചു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.