'പീഡനക്കേസ് ഇരകൾക്ക് സൗജന്യമായി കയറും വിഷവും നൽകണം' സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മയൂഖ ജോണി

തൃശൂർ: ആളൂർ പീഡനക്കേസിലെ പ്രതി സി.സി ജോൺസന് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചതിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഒളിംപ്യൻ മയൂഖ ജോണി. പീഡിപ്പിക്കപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യനിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടിയെടുക്കണമെന്ന് മയൂഖ ജോണി പറഞ്ഞു. പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുൻകൈയെടുത്ത കേരള പൊലീസിനും കേരളത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ വക്കീലിനും അഭിവാദ്യങ്ങൾ അർപ്പിക്കുന്നുവെന്നും പരിഹസിച്ചുകൊണ്ട് അവർ പറഞ്ഞു.

സുപ്രീംകോടതിയിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനം പ്രതിയെ സഹായിക്കുന്ന തരത്തിലായിരുന്നു. പൊലീസ് എഴുതിക്കൊടുത്ത റിപ്പോർട്ട് പോലും കോടതിയിൽ ഒന്ന് വായിച്ചുകേൾപ്പിക്കുക പോലും ചെയ്തില്ല. ഉന്നതമായ കോടതിയിൽ സംസ്ഥാനത്തെയും കേരളാ പൊലീസിനെയും പ്രതിനിധീകരിക്കുന്നയാൾക്ക് സ്ത്രീപീഡന കേസുകളിലുള്ള ഇടതുസർക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ബന്ധപ്പെട്ടവർ അയച്ചുകൊടുക്കണമെന്നും അവർ പറഞ്ഞു.

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. പീഡകന്റെ നിരന്തര ഭീഷണിയിലും വധശ്രമത്തിലും ഇരയും കുടുംബവും പിടിച്ചുനിന്നത് നിയമത്തിലും സർക്കാരിലും പ്രതീക്ഷയുള്ളതിനാലാണ്. പൊലീസും ഇരകൾക്കുവേണ്ടി കാര്യങ്ങൾ ചെയ്യുന്നവരും പരാജയപ്പെടുമ്പോഴാണ് ചിലർ കയറിലും വിഷക്കുപ്പികളിലും അഭയം തേടുന്നത്. ആളൂരിലെ ഇരയെ ദൈവം രക്ഷിക്കട്ടെ!-ഫേസ്ബുക്ക് കുറിപ്പിൽ മയൂഖ ജോണി കുറിച്ചു.

ജസ്റ്റിസ് അജയ് അസ്‌തോഗി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ആളൂർ പീഡനക്കേസിലെ പ്രതിക്ക് ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണവും വിചാരണയും അടക്കം കേസുമായി ബന്ധപ്പെട്ട മറ്റു നടപടിക്രമങ്ങൾ തുടരാമെന്നും കോടതി അറിയിച്ചിട്ടുണ്ട്. 


മയൂഖ ജോണിയുടെ കുറിപ്പിന്‍റെ പൂർണരൂപം:

congratulations dear Kerala Police and Standing counsel for Kerala State in supreme court to help the accused person in crime no 143/2021 of Aloor Police Station to avail bail from Honble Supreme Court....

ആളൂർ പീഢനക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് മുൻ കൈയെടുത്ത കേരളാ പോലീസിലെ വീര ശൂര പരാക്രമികൾക്കും കേരളത്തിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ വക്കീലിനും എന്റെ അഭിവാദ്യങ്ങൾ.!

പീഢിപ്പിക്കപ്പെടുകയും ഉപദ്രവിക്കപ്പെടുകയും ചെയ്യപ്പെടുന്ന പാവം ഇരകൾക്ക് സൗജന്യ നിരക്കിൽ കയറും വിഷവും നൽകാൻ സർക്കാർ നടപടികളെടുക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു...

സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ വർത്തമാനം പറയുന്നവർക്ക് ഇരകളുടെ മരണമാണ് വേണ്ടത്. അപമാനിക്കപ്പെടുകയും ഒറ്റപ്പെടുകയും കൊടിയ പീഢനത്തിന്റെ മുറിവും പേറി ജീവിക്കേണ്ടി വരുന്നവർ ഇവർക്കൊരു വാർത്തയല്ല. പണവും സ്വാധീനവും രാഷ്ട്രയ സ്വാധീനവും കേരളത്തിലെ ഇറച്ചി മാർക്കറ്റുകൾ ശക്തിപ്പെടുത്തിക്കൊണ്ടേയിരിക്കും. ആ പണം പറ്റി കൊടുക്കുന്ന പോലീസ് ആസ്ഥാനത്ത് സ്ത്രീ പീഡകർക്ക് കുളിച്ച് താമസിക്കാനും സൗകര്യമൊരുക്കണം.

ഇന്ന് ബഹു സുപ്രീം കോടതി മുമ്പാകെ വന്ന ആളൂർ സ്ത്രീ പീഢന കേസിന്റെ പ്രതിക്ക് ജാമ്യം തേടി സമർപ്പിച്ച സ്പെഷ്യൽ ലീവ് ഹർജ്ജിയുടെ വാദം കേൾക്കാനിട വന്നു. ബഹു കേരളാ ഹൈക്കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി സ്പെഷ്യൽ ലീവ് ഹർജ്ജി ബോധിപ്പിച്ചത്. സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്റെ ദയനീയമായ പ്രകടനവും പ്രതിയെ സഹായിക്കുന്ന തരത്തിലുള്ള നിശ്ശബ്ദതയും അങ്കലാപ്പും കാണേണ്ടതായിരുന്നു. ബഹു.. കോടതി ചോദിക്കുന്നത് പോലും മനസ്സിലാകാത്ത തരത്തിലുള്ള വാദവും ഉത്തരവും പ്രതിക്ക് ജാമ്യം നേടി കൊടുക്കാൻ സഹായകരമായി. എന്തിനധികം പോലീസ് എഴുതി കൊടുത്ത റിപ്പോർട്ട് ( എങ്ങു തൊടാത്തതാണെങ്കിലും) പോലും കോടതിയിൽ ഒന്നു വായിച്ചു കേൾപ്പിക്കാത്ത വണ്ണം കഴിവുകെട്ട രീതിയിൽ എവിടെയാണ് താൻ നിൽക്കുന്നത് എന്ന് ഏവർക്കും വ്യക്തമാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേസിൽ സംസ്ഥാനത്തിന്റെ വക്കീലിന്റെ പെർഫോമൻസ് നടക്കുമ്പോൾ പ്രതിഭാഗത്തിന് വേണ്ടി വന്ന മുൻ ഹൈക്കോടതി ജഡ്ജിയുടെ മുഖത്ത് വിരിഞ്ഞ മന്ദസ്മിതം ഏറെ വാചാലമായിരുന്നു. ഒരു കുപ്രസിദ്ധ സ്ത്രീ പീഢന കേസിലെ ഇരയെ "ബാല വേശ്യ" എന്നു വിളിച്ച് പ്രശസ്തനായ ഇദ്ദേഹത്തെ നമ്മൾ ശമ്പളം കൊടുത്തു പോറ്റിയതാണ്.

ഉന്നതമായ കോടതിയിൽ കേരള സംസ്ഥാനത്തെയും കേരളാ പോലീസിനെയും പ്രതിനിധീകരിക്കുന്ന ആൾക്ക് സ്ത്രീ പീഢന കേസ്സുകളിലുള്ള ഇടതു സർക്കാരിന്റെ നയമെന്താണെന്ന് വിവരിക്കുന്ന ഒരു കുറിപ്പ് ലക്ഷങ്ങൾ വരുന്ന ബിൽ തുകക്കൊപ്പം ബന്ധപ്പെട്ടവർ അയച്ചു നൽകുന്നത് നല്ലതായിരിക്കും.

കേരളത്തിലെ പോലീസ് സ്ത്രീകൾ പരാതിക്കാരായി വരുന്ന കേസ്സുകളിൽ സ്വീകരിക്കുന്ന രീതികളെക്കുറിച്ച് ചർച്ച ചെയ്യുന്ന കാലത്താണ് ഇത്തരമൊരു കേസിൽ കേരളത്തിനു വേണ്ടി കാര്യങ്ങൾ ഉറക്കെ കോടതിയിൽ ബോധിപ്പിക്കേണ്ടവർ നിശ്ശബ്ദമാവുകയും വിറക്കുകയും ചെയ്യുന്നത്. പീഢനത്തിനിരകളാവുന്നവരും പൊതുജനങ്ങളും ഖജനാവിലേക്ക് നൽകുന്ന നികുതി പണത്തിന്റെ വലിയ പങ്ക് പ്രതിഫലമായി കൈപ്പറ്റുന്നവർ "പർച്ചേസ്" ചെയ്യപ്പെടുന്നുണ്ടോയെന്നും ഇത്തരമാളുകൾ നല്ല പോലെ ജോലി ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കാനുള്ള മിനിമം ഉത്തരവാദിത്വം നിയമ മന്ത്രാലയം ചെയ്യേണ്ടതുണ്ട്.

പീഢകന്റെ നിരന്തര ഭീഷണിയിലും വധശ്രമത്തിലും അവളും കുടുംബവും പിടിച്ചു നിന്നത് നിയമത്തിലും,സർക്കാരിലും പ്രതീക്ഷയർപ്പിച്ചായിരുന്നു. ഇനി ...

പോലീസും പോലീസിന് വേണ്ടി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരും പരാജയപ്പെടുമ്പോഴാണ് ചിലർ കുറിപ്പുകൾ എഴുതി വച്ച് കയറിലും വിഷക്കുപ്പികളിലും അഭയം തേടുന്നത്...... ആളൂരിലെ ഇരയെ ദൈവം രക്ഷിക്കട്ടെ!

Tags:    
News Summary - Mayukha Johnny criticizes govt.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.