'ഗാന്ധിജിയുടെ ഓർമകളെപ്പോലും സംഘ്പരിവാർ ഇന്ന് ഭയപ്പെടുന്നു, വർഗീയ കൊലയാളികളെ വീരനായകന്മാരാക്കുന്നു'; മുഖ്യമന്ത്രി

തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ത്യയുടെ ഹൃദയത്തിലേക്ക് സംഘപരിവാറിന്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ആൾരൂപങ്ങളിൽ ഒന്ന് മാത്രമാണെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

സംഘപരിവാർ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിന്റേയും അപരവൽക്കരണത്തിന്റേയും രാഷ്ട്രീയത്തിന് നേർ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദർശനവും. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചത്. ഗാന്ധിജിയുടെ ഓർമകളെപ്പോലും സംഘപരിവാർ ഇന്ന് ഭയപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

"ഇന്ന് ജനുവരി 30. ഇന്ത്യയുടെ ഹൃദയത്തിലേയ്ക്ക് സംഘപരിവാറിൻ്റെ വർഗീയ പ്രത്യയശാസ്ത്രം നിറയൊഴിച്ചിട്ട് 78 വർഷങ്ങൾ തികയുകയാണ്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം ഓർമ്മിപ്പിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിഷ്ഠുരമായ രാഷ്ട്രീയ കൊലപാതകത്തെയാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിൻ്റെ പടത്തലവൻ ഒരു ഇന്ത്യക്കാരനാൽ തന്നെ വധിക്കപ്പെട്ടത് ലോകം ഞെട്ടലോടെ, അവിശ്വസനീയതയോടെ നോക്കിനിന്ന ദിനം.

ഗാന്ധിജിയെ വധിച്ചത് ഗോഡ്സെ എന്ന ഒരു വ്യക്തിയല്ല. അയാൾ സംഘപരിവാർ ഉയർത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ആൾരൂപങ്ങളിൽ ഒന്നു മാത്രമാണ്. വൈവിധ്യങ്ങളെയും മതേതരത്വത്തെയും ശത്രുവായി കാണുന്ന വിഷലിപ്തമായ വർഗീയ അജണ്ടയാണ് ആ കൊലയാളിയിലൂടെ അന്ന് വെളിപ്പെട്ടത്. ആ വിപത്ത് ഇന്നും നമ്മുടെ രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ആക്രമിച്ച് തകർക്കാൻ ശ്രമിക്കുകയാണ്.

ഗാന്ധിജിയെ അവർ ഇന്നും ഭയപ്പെടുന്നത് എന്തിനാണ്? ഉത്തരം ലളിതമാണ്. സംഘപരിവാർ വിഭാവനം ചെയ്യുന്ന വിദ്വേഷത്തിൻ്റേയും അപരവൽക്കരണത്തിന്റേയും രാഷ്ട്രീയത്തിന് നേർ വിപരീതമായ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും ദർശനവും. വർഗീയതയിലൂടെ 'ഒരു രാഷ്ട്രം, ഒരു സംസ്‌കാരം' എന്ന ഏകശിലാത്മക അജണ്ട അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, വൈവിധ്യങ്ങളെയും വിയോജിപ്പുകളെയും നെഞ്ചോട് ചേർക്കുന്ന ബഹുസ്വരതയുടെ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി നിലകൊണ്ടത്. മതനിരപേക്ഷതയോടുള്ള അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളെ ഭയപ്പെട്ടതുകൊണ്ടാണ് അന്നവർ അദ്ദേഹത്തെ വധിച്ചത്. ആ ഭയം ഇന്നും അവർക്കിടയിൽ നിലനിൽക്കുന്നു.

ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും സംഘപരിവാർ ഇന്ന് ഭയപ്പെടുകയാണ്. അതിൻ്റെ ഭാഗമായാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്യാൻ അവർ തയ്യാറായത്. ദരിദ്രരായ മനുഷ്യരിൽ ഒരാളാണ് താനെന്ന് പ്രഖ്യാപിച്ച ഗാന്ധിജിയെ സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയെ നിർവീര്യമാക്കാനും പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കാനും കേന്ദ്രം നടത്തുന്ന നീക്കങ്ങൾക്കെതിരെ കേരളം ഉയർത്തുന്ന ബദൽ രാഷ്ട്രീയം ഗാന്ധിജിയുടെ വികേന്ദ്രീകൃത വികസന കാഴ്ചപ്പാടുകളുടെ തുടർച്ച കൂടിയാണ്.

മതേതരത്വ പൈതൃകത്തെ തകർത്ത് വർഗീയതയുടെ മണിമന്ദിരങ്ങൾ പണിയുന്നവർ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കാൻ കിരാത നിയമങ്ങൾ നടപ്പിലാക്കുകയാണ്. ഭിന്നാഭിപ്രായങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെ നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ അടിസ്ഥാന ശില സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാകണം. ചരിത്രത്തെ തിരുത്തി എഴുതാനും വർഗീയ കൊലയാളികളെ വീരനായകന്മാരായി അവരോധിക്കാനും ശ്രമിക്കുന്ന ശക്തികൾ രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണ്. മതന്യൂനപക്ഷങ്ങളെയും ദളിത് വിഭാഗങ്ങളെയും വേട്ടയാടുന്ന വർഗീയ ഫാസിസത്തിന് മുന്നിൽ ഇന്ത്യയുടെ മതേതര പൈതൃകം അടിയറവ് വെക്കില്ല എന്ന് നാം പ്രഖ്യാപിക്കേണ്ടതുണ്ട്.

ഗാന്ധിജിയുടെ രക്തസാക്ഷിത്വം വർഗീയ വിരുദ്ധ പോരാട്ടത്തിനുള്ള നിരന്തരമായ ആഹ്വാനമാണ്. അതേറ്റെടുത്ത് ഒറ്റക്കെട്ടായി ജനാധിപത്യ മതേതര ഇന്ത്യക്കായി നമുക്ക് മുന്നേറാം."


Full View


Tags:    
News Summary - Mahatma Gandhi's Martyrdom Day; Chief Minister's Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.