ശശി തരൂരിന്റെ അനുനയ നീക്കത്തിൽ ഇടപെട്ടോയെന്ന് ചോദ്യം; ഷാഫി പറമ്പിലിന്റെ മറുപടി

തിരുവനന്തപുരം: ശശി തരൂരിന്റെ പാർട്ടിയുമായുള്ള അനുനയ നീക്കത്തിൽ താൻ ഇടപെട്ടുവെന്ന വാർത്തകളെ തള്ളി ഷാഫി പറമ്പിൽ എം.പി.

ശശി തരൂർ കോൺഗ്രസിന്റെ മുതിർന്ന നേതാവും പ്രവർത്തക സമിതി അംഗവുമാണ്. ഇത്രയും മുതിർന്ന നേതാവിന്റെ കാര്യത്തിൽ ഇടപെട്ട് സംസാരിക്കാൻ മാത്രമുള്ള വലിപ്പം തനിക്കില്ലെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന്റെ പരമോന്നത തലത്തിൽ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹം. ചർച്ച നടത്തിയത് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളുമായാണ്. അവർക്ക് സംസാരിക്കാൻ മറ്റൊരാളുടെ ഇടപെടൽ ആവശ്യമില്ലല്ലോയെന്ന് ഷാഫി പറഞ്ഞു.

മുഖ്യമന്ത്രി മോഹമില്ല, അങ്ങനെ വരുത്തിതീർക്കാൻ ചിലർ ശ്രമിക്കുന്നു - ശശി തരൂർ

ന്യൂഡൽഹി: ഹൈക്കമാന്‍റും ശശി തരൂരും തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്തുവന്ന ഘട്ടത്തിൽ മഞ്ഞുരുക്കമായി നേതാക്കളുടെ കൂടിക്കാഴ്ച. പാർലമെന്റ് മന്ദിരത്തിലെ ഓഫീസിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തരൂരുമായി കൂടിക്കാഴ്ചനടത്തി. ഏറെ നാളായി കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ശശി തരൂർ പറഞ്ഞുതീർത്തുവെന്നാണ് സൂചനകള്‍.

താൻ അധികാരമോഹിയല്ലയെന്നും വിമതനാകാനില്ലെന്നും കേന്ദ്ര നേതൃത്വവുമായുള്ള കൂട്ടിക്കാഴ്ചയിൽ ശശി തരൂർ വ്യക്തമാക്കി. കേരളത്തിലെയും കേന്ദ്രത്തിലെയും ചില നേതാക്കൾ തന്നെ ശത്രുവായി കണ്ടുവെന്നും തരൂർ ഖാർഗെയോടും രാഹുലിനോടും വ്യക്തമാക്കി. തന്നെ കേരളത്തിൽ മുഖ്യമന്ത്രി പദവി മോഹിക്കുന്നയാളായി ചിത്രീകരിക്കുകയാണെന്നും തനിക്ക് മുഖ്യമന്ത്രി മോഹം ഇല്ലായിരുന്നുവെന്നും തരൂർ പറഞ്ഞു.

പാർട്ടിവിടുമെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസുകാർ തന്നെയാണെന്നാണ് തരൂർ കരുതുന്നത്. ഇക്കാര്യവും തരൂർ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. അതേസസമയം മോദി സ്തുതിയിലും വിദേശകാര്യ നിലപാടിലും ഹൈക്കമാൻഡ് തരൂരിനെ അതൃപ്തി അറിയിച്ചു. എന്തെങ്കിലും പ്രശ്‌നങ്ങുണ്ടെങ്കിൽ നേരിട്ട് അറിയിക്കണമെന്നും നേതാക്കൾ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ പ്രവർത്തിക്കാനാണ് താൽപര്യമെന്ന് നേതൃത്വത്തെ തരൂർ ധരിപ്പിച്ചാതായാണ് വിവരം.

ചർച്ച വളരെ ക്രിയാത്മകവും അനുകൂലവുമായിരുന്നെന്ന് തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പറയാനുള്ളതെല്ലാം മൂന്നാളുംകൂടി രണ്ടുഭാഗത്തും നന്നായി പറഞ്ഞുതീർത്തു. ഇനി ഒരുമിച്ച് മുന്നോട്ടുപോകും. കൂടുതൽ താൻ എന്ത് പറയാനാണ് എന്നും തരൂർ ചോദിച്ചു. കേരളത്തിൽ മുഖ്യമന്ത്രിസ്ഥാനാർഥിയായി പരിഗണിക്കപ്പെടാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് പുതിയ പദവിക്കായി താൻ ശ്രമിക്കുന്നില്ലെന്നും തിരുവനന്തപുരത്തെ ജനങ്ങളുടെ താത്പര്യത്തിനായി പാർലമെന്റിൽ പ്രവർത്തിക്കുകയാണ് ജോലിയെന്നും കേരളത്തിൽ പാർട്ടിക്കായി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Shashi Tharoor's move to appease his party; Shafi Parambil's response

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.