തിരുവനന്തപുരം: സംസ്ഥാനത്ത് ആകെയുള്ള 1200 തദ്ദേശ സ്ഥാപനങ്ങളിൽ 1199ഉം തെരഞ്ഞെടുപ്പ് ചൂടിൽ മുഴുകുമ്പോൾ ഒറ്റയാനായി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭ. ഇവിടെ 2027ലാണ് അടുത്ത തെരഞ്ഞെടുപ്പ് നടക്കുക. 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാർഡുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാർഡുകൾ, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാർഡുകൾ, മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലെ 3205 വാർഡുകൾ, 6 കോർപ്പറേഷനുകളിലെ 421 വാർഡുകൾ എന്നിവയിലേക്കാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആകെ 23576 വാർഡുകളിലേക്കാണ് ജനപ്രതിനിധികളെ തേടുന്നത്.
1990 മുതൽ വർഷങ്ങളോളം നീണ്ടുനിന്ന നിയമപ്രശ്‌നമാണ് മട്ടന്നൂരിനെ വേറിട്ടുനിർത്തിയത്. 1990ൽ മട്ടന്നൂരിനെ നഗരസഭയാക്കിയെങ്കിലും 1997ലാണ് ആദ്യ തിരഞ്ഞെടുപ്പ് നടന്നത്. മട്ടന്നൂർ പഞ്ചായത്തിനെ നഗരസഭയാക്കിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും നീണ്ടുപോയതാണ് വൈകാൻ കാരണം.
1990 ൽ ഇ.കെ.നയനാർ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാറാണ് മട്ടന്നൂരിനെ മുനിസിപ്പാലിറ്റിയാക്കി ഉയർത്തിയത്. എന്നാൽ, 1991 ൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാർ ഈ തീരുമാനം റദ്ദാക്കി. ഇതിനെതിരെ എൽഡിഎഫ് കോടതിയെ സമീപിച്ചു. തുടർന്ന്, മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് വർഷങ്ങളോളം അനിശ്ചിതത്വത്തിലായിരുന്നു.1996 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെ മട്ടന്നൂരിനെ വീണ്ടും മുനിസിപ്പാലിറ്റിയാക്കി ഉയർത്തുകയായിരുന്നു. 1997 ലാണ് മട്ടന്നൂർ മുനിസിപ്പാലിറ്റി ആയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2022 ലായിരുന്നു അവസാന തെരഞ്ഞെടുപ്പ്. 2027 സെപ്റ്റംബർ മാസത്തിലാണ് മട്ടന്നൂർ നഗരസഭ ഭരണസമിതിയുടെ കാലാവധി പൂർത്തിയാവുകയുള്ളു. 35 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 21 സീറ്റുകൾ നേടി എൽഡിഎഫ് അധികാരം നിലനിർത്തിയപ്പോൾ 14 സീറ്റുകളിലാണ് യുഡിഎഫിന് നേടാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.