മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ്: ലഭിച്ചത് 124 പരാതി; പണം നിക്ഷേപിച്ചത് പലമടങ്ങ് പേർ

കാക്കനാട്: മാസ്റ്റേഴ്സ് ഓഹരി തട്ടിപ്പ് കേസിൽ കൂടുതൽ പേർക്ക് നഷ്ടം സംഭവിച്ചതായി പൊലീസ്. നിലവിൽ 124 പേരാണ് പരാതി നൽകിയത്. എന്നാൽ, പൊലീസ് പരിശോധനയിൽ ലഭിച്ച രേഖകൾ പ്രകാരം ഇതിന്‍റെ പലമടങ്ങ് പേരാണ് പണം നിക്ഷേപിച്ചതെന്നാണ് കണ്ടെത്തിയത്.

അതേസമയം, പ്രതികളായ കമ്പനി ഉടമ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ ചോദ്യം ചെയ്യുന്നതിന്​ കസ്റ്റഡിയിൽ വാങ്ങി. ശ്രീരഞ്ജിനിയെ തിങ്കളാഴ്ച വൈകീട്ടോടെ തിരികെ ജയിലിൽ എത്തിച്ചു.

ചോദ്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് അവ്യക്തമായാണ് പ്രതികരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. ഗോവയിൽ ചൂതാട്ടം നടത്തിയെന്ന് സമ്മതിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. തട്ടിപ്പ് നടത്തിയിട്ടില്ലെന്നാണ് ശ്രീരഞ്ജിനി ആവർത്തിച്ചിരുന്നത്. ഇതോടെ ഇവരുടെ ഓഫിസിൽനിന്ന് ലഭിച്ച വിവരങ്ങൾ ഒത്തുനോക്കി തട്ടിപ്പ് തിട്ടപ്പെടുത്തേണ്ട അവസ്ഥയിലാണ് പൊലീസ്. ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. തിങ്കളാഴ്ച തൃക്കാക്കരയിലെ ഓഫിസ് പരിസരത്ത് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഓഫിസിലും വീട്ടിലുമെത്തിച്ച് വിശദ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും അന്വഷണസംഘത്തിന്‍റെ ആവശ്യപ്രകാരമാണ് കസ്റ്റഡിയിൽ വിട്ടു നൽകിയത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അതിന്‍റെ നടപടി ക്രമങ്ങൾ പൂർത്തിയായി ഉത്തരവ് ഇറങ്ങാത്തതിനാൽ പൊലീസാണ് കസ്റ്റഡിയിൽ വാങ്ങിയത്. കോടതിയിൽ ഹാജരാക്കിയശേഷം തിങ്കളാഴ്ച രാവിലെതന്നെ തൃക്കാക്കര പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. എബിനെ രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ ലഭിച്ചത്. വേണമെങ്കിൽ കസ്റ്റഡി നീട്ടാൻ ആവശ്യപ്പെടാനാണ് അധികൃതരുടെ തീരുമാനം.

Tags:    
News Summary - Masters share scam: 124 complaints received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.