പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിലും ബി.ജെ.പിയിൽ ഞെട്ടിക്കുന്ന സാമ്പത്തിക തട്ടിപ്പ്; ഓഡിറ്റ് രേഖകൾ പുറത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സുരക്ഷാ ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്.പി.ജി) പേരിൽ സംസ്ഥാന ബി.ജെ.പിയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ യാത്രാച്ചെലവുകൾ പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമ്പോഴാണ്, സുരക്ഷാസേനയുടെ യാത്രാച്ചെലവെന്ന പേരിൽ 3.24 ലക്ഷം രൂപയുടെ വ്യാജ ബില്ലുകൾ പാർട്ടി പാസാക്കിയെടുത്തിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഓഡിറ്റ് സംഘങ്ങൾ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ഈ തട്ടിപ്പിന്റെ ഔദ്യോഗിക രേഖകൾ പുറത്തുവന്നു.

ഔദ്യോഗിക പ്രോട്ടോക്കോൾ പ്രകാരം പ്രധാനമന്ത്രി ഉൾപ്പെടെയുള്ള വി.ഐ.പികൾക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ഒരുക്കുന്നത് എസ്.പി.ജിയും സംസ്ഥാന പൊലീസും ചേർന്നാണ്. ഇതിന്റെ പൂർണമായ സാമ്പത്തിക ചെലവുകൾ വഹിക്കുന്നത് സംസ്ഥാന സർക്കാരുമാണ്.

എന്നാൽ, എസ്.പി.ജിക്ക് യാത്ര ചെയ്യാൻ ബി.ജെ.പി ഓഫീസിൽ നിന്ന് ഇന്നോവ ക്രിസ്റ്റ കാറുകൾ വാടകക്ക് എടുത്തു നൽകി എന്നാണ് പാർട്ടിയുടെ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്.  

കഴിഞ്ഞ മാർച്ച് 30, ഏപ്രിൽ നാല് തീയതികളിൽ തിരുവല്ല, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടന്ന പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വാഹനം 5,029 കിലോമീറ്റർ ഓടിയതായാണ് ബില്ലുകളിൽ കാണിച്ചിരിക്കുന്നത്. ചുരുങ്ങിയ ദിവസത്തെ പര്യടനത്തിൽ ഇത്രയധികം കിലോമീറ്റർ വാഹനം ഓടിയെന്നത് വലിയ സംശയങ്ങൾക്കും ദുരൂഹതക്കും ഇടയാക്കുന്നതാണ്. ബി.ജെ.പിയുടെ സ്വന്തം ഓഡിറ്റ് സംഘം തയ്യാറാക്കിയ കണക്കുകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.  

എസ്.പി.ജിയുടെ പേരിലുള്ള തട്ടിപ്പിന് പുറമെ മറ്റ് പല സാമ്പത്തിക ക്രമക്കേടുകളും ബി.ജെ.പിയുടെ ഓഡിറ്റ് റിപ്പോർട്ടിലുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെ കേരള സന്ദർശന സമയത്തും സമാനമായ രീതിയിൽ വാഹനമോടിയതിന്റെ വ്യാജ കണക്കുകൾ ഉണ്ടാക്കിയിരുന്നു. ഒരു സ്വകാര്യ ചാനലിന് വേണ്ടി ഒറ്റ ദിവസം 18 വാഹനങ്ങൾ നൽകിയെന്നും കണക്കുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാജ ജി.എസ്.ടി ബില്ലുകൾ നിർമിച്ചും വലിയ തോതിൽ തിരിമറി നടത്തി. ഒരു സ്ഥാപനത്തിന്റെ പേരിലുള്ള ബില്ല് മാറ്റി മറ്റൊരു സ്ഥാപനത്തിന്റെ പേരിൽ നൽകിയാണ് തട്ടിപ്പ് നടത്തിയത്.

പ്രധാനമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട് പ്ലക്കാർഡുകൾ വാങ്ങിയ വകയിൽ എട്ട് ലക്ഷത്തോളം രൂപ തട്ടിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ എ-ക്ലാസ് മണ്ഡലങ്ങൾക്ക് മൂന്നര കോടി രൂപ വീതമാണ് നൽകിയിരുന്നത്. എന്നാൽ ഈ തുക പൂർണമായും മണ്ഡലങ്ങളിൽ എത്തിയിട്ടില്ല എന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ശക്തമാണ്.   ഘടകകക്ഷികൾക്ക് നൽകാനായി കേന്ദ്ര നേതൃത്വം അനുവദിച്ച ഫണ്ടുകളിലും വലിയ തിരിമറി നടന്നിട്ടുണ്ട്.  ബി.ജെ.പി കേന്ദ്ര നേതൃത്വം നൽകിയ ഫണ്ട് ലഭിച്ചില്ലെന്ന പരാതിയെത്തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് അഖിൽ മാരാർ അടക്കമുള്ളവർ പാർട്ടിയിൽ നിന്ന് രാജിവെച്ചത്.  

പാർട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിൽ വ്യാപകമായ കൊള്ളയാണ് നടന്നിരിക്കുന്നത് എന്ന് അടിവരയിടുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഓരോ രേഖകളും. സാമ്പത്തിക ക്രമക്കേടുകൾ വ്യക്തമാക്കുന്ന കൂടുതൽ തെളിവുകളും ശബ്ദരേഖകളും വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.

Tags:    
News Summary - പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പേരിൽ ബിജെപിയിൽ വൻ സാമ്പത്തിക തട്ടിപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.