പി.എസ്.സി പരീക്ഷ ക്രമക്കേട്: ഹരജി അന്വേഷണത്തിന് തടസ്സമല്ലെന്ന് ഹൈകോടതി
കൊച്ചി: സംസ്ഥാന ആസൂത്രണബോർഡ് ചീഫ് തസ്തികയിലെ നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഇതിനെതിരായ ഹരജി തടസ്സമല്ലെന്ന് ഹൈകോടതി. അന്വേഷണ ഉത്തരവും കേസും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹരജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഹരജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെ ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പി.എസ്.സി കോടതിയോട് സമയം തേടി. ഈ ഘട്ടത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് വാക്കാൽ വിവരം തേടിയപ്പോൾ ഹരജി നിലവിലുള്ളതിനാൽ അന്വേഷണം തൽക്കാലം നടക്കുന്നില്ലെന്ന മറുപടിയാണ് കോടതിയിൽ ഹാജരായിരുന്ന ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യുഷൻ നൽകിയത്. ഈ ഘട്ടത്തിലാണ് ഉത്തരവിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലുണ്ടെങ്കിലും അന്വേഷണം തടഞ്ഞിട്ടില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കിയത്. ഹരജി നിലവിലുള്ളതിന്‍റെ പേരിൽ അന്വേഷണം നിർത്തിവെക്കേണ്ടതില്ലെന്നും നടപടികളുമായി സർക്കാറിന് മുന്നോട്ടു പോകാമെന്നും വ്യക്തത വരുത്തി.
പി.എസ്.സി.അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാറിന് അധികാരമില്ലെന്നും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ കുറ്റകൃത്യത്തിന്‍റെ വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ക്രൈംബ്രാഞ്ച് അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവിനെ തുടർന്നാണ് കേസെടുത്തത്. ഇതിന് പിന്നാലെ അംഗങ്ങളടക്കമുള്ളവർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പി.എസ്.സി ഹൈകോടതിയെ സമീപിച്ചത്. ഹരജി തീർപ്പാകും വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.