കോഴിക്കോട്: കോടിക്കണക്കിന് രൂപയുടെ ചിട്ടി തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. കൽപറ്റ ജനക്ഷേമ മാരുതി ചിറ്റ്സ് ഫണ്ട് പ്രൈവറ്റ് ലിമിറ്റഡ് എം.ഡി കൽപറ്റ സ്വദേശി ഗൂഡലായിക്കുന്ന് ഇ.കെ. സുശീൽ കുമാറിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റു ചെയ്തത്. ചിട്ടികമ്പനിയുടെ നടക്കാവ് ബ്രാഞ്ച് കേന്ദീകരിച്ച് 2016ൽ നടന്ന തട്ടിപ്പിലാണ് അറസ്റ്റ്.
നേരത്തെ പിടിയിലായെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കൽപറ്റ, കൂത്തുപറമ്പ് ഉൾപ്പെടെ സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുണ്ട്. നടക്കാവിലെ കേസിൽ കൂട്ടുപ്രതികളും കമ്പനിയുടെ ഡയറക്ടർമാരുമായിരുന്ന സുനിൽകുമാർ, പ്രദീപ് കുമാർ, പുഷ്പരാജ് എന്നിവർ പിടിയിലാവാനുണ്ട്.
2002ലാണ് കൽപറ്റ കേന്ദ്രീകരിച്ച് മാരുതി ചിട്ടിയും അനുബന്ധ ബിസിനസുകളും ആരംഭിച്ചത്. പെട്ടെന്നുതന്നെ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിലായി 85 ശാഖകളുള്ള സ്ഥാപനമായി മാരുതി വളർന്നു. 20,000 മുതൽ പത്തുലക്ഷം വരെയുള്ള ചിട്ടികളാണ് ഇവർ നടത്തിയത്. വ്യാപാരികളിൽനിന്നുൾപ്പെടെ നിത്യപിരിവിനായി നൂറുകണക്കിന് ഏജൻറുമാരെയും നിയോഗിച്ചിരുന്നു.
കമ്പനി നൽകിയ ചില ചെക്കുകൾ പണമില്ലാതെ മുടങ്ങിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്ന് ശാഖകൾ അടച്ചുപൂട്ടി ഉടമകൾ മുങ്ങി. ഉപഭോക്താക്കളും ഏജൻറുമാരും ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.