കൊച്ചി: കുംഭമേള വൈറൽ പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് ഫർമാൻ ഖാന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈകോടതി. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് മധ്യപ്രദേശിലെ മഹേശ്വർ പൊലീസായതിനാൽ ബന്ധപ്പെട്ട കോടതിയെ സമീപിക്കാൻ സമയം അനുവദിച്ചാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഹരജിക്കാർ സമർപ്പിച്ച രേഖകൾ പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് വിലയിരുത്തിയും മധ്യപ്രദേശിലെത്തിയാൽ തങ്ങൾ നേരിടാനിടയുള്ള ഭീഷണികളടക്കം പരിഗണിച്ചുമാണ് അറസ്റ്റിൽനിന്ന് ഒരു മാസത്തെ സംരക്ഷണം അനുവദിച്ച് ഫർമാന്റെ മുൻകൂർ ജാമ്യ ഹരജി കോടതി തീർപ്പാക്കിയത്. പെൺകുട്ടി പ്രായപൂർത്തിയായതാണെന്നും എന്നാൽ മധ്യപ്രദേശിലെ സർക്കാർ സംവിധാനം തന്നെ ദുരുപയോഗം ചെയ്ത് പ്രായപൂർത്തിയായിട്ടില്ലെന്ന് വരുത്തിത്തീർക്കുകയാണെന്നുമായിരുന്നു ഹരജിക്കാരന്റെ വാദം. തങ്ങൾ കേരളത്തിൽ വിവാഹിതരായി ജീവിക്കുകയാണ്.
പെൺകുട്ടിയും താനും രണ്ട് മതത്തിൽപെട്ടതിനാൽ മധ്യപ്രദേശിലെത്തിയാൽ ദുരഭിമാന കൊലക്ക് ഇരയാകാനിടയുണ്ട്. സംരക്ഷണ ഉത്തരവില്ലാതെ അവിടെ വരെ യാത്ര ചെയ്ത് നിയമസഹായം തേടാൻ ഈ സാഹചര്യത്തിൽ സാധ്യമല്ല. അതിനാൽ, ട്രാൻസിറ്റ് ജാമ്യം അനുവദിക്കാനുള്ള അധികാരം പ്രയോഗിക്കണമെന്നും ഹരജിക്കാരൻ ആവശ്യപ്പെട്ടു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റടക്കം ഹരജിക്കാരൻ ഹാജരാക്കി. അതേസമയം, പെൺകുട്ടിയുടെ തെറ്റായ ജനന സർട്ടിഫിക്കറ്റാണ് ഹരജിക്കാരൻ ഹാജരാക്കിയതെന്നായിരുന്നു എ.എസ്.ജിയുടെ വാദം. ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് സാധുതയില്ലാത്തതിനാൽ തദ്ദേശ സ്ഥാപനം നൽകിയ സർട്ടിഫിക്കറ്റും നിയമപരമല്ല. യുവാവിനെതിരെ മാത്രമാണ് കേസുള്ളത്. പെൺകുട്ടി കേസിലെ ഇരയാണ്. പോക്സോ വകുപ്പ്, പട്ടിക ജാതി പട്ടിക വർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
പത്ത് വർഷത്തിലധികം ശിക്ഷ കിട്ടുന്ന കേസുകളിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും വിശദീകരിച്ചു. എന്നാൽ, ഹരജിക്കാരൻ ഹാജരാക്കിയ രേഖകളിൽനിന്ന് പെൺകുട്ടിക്ക് 18 തികഞ്ഞുവെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വോട്ടർ തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയിലും പ്രായപൂർത്തിയായതായാണ് കാണുന്നത്. തട്ടിക്കൊണ്ടുപോകൽ വകുപ്പ് മാത്രമാണ് എഫ്.ഐ.ആറിൽ ഉള്ളതെങ്കിലും പട്ടിക വിഭാഗ പീഡന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമമടക്കം ചുമത്തിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.