എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ
തിരുവനന്തപുരം: ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തന’ക്കേസ് അട്ടിമറിയിൽ ആരോപണ വിധേയനായ എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകുമോയെന്നതിൽ ‘സസ്പെൻസ്’. സ്ഥാനക്കയറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്ക്രീനിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരുമെന്നാണ് വിവരം. ആ യോഗത്തിന് മുമ്പ് എസ്.ഐ.ടി സമർപ്പിച്ച അന്വേഷണറിപ്പോർട്ടിൽ ആഭ്യന്തരവകുപ്പിന്‍റെ നടപടിയുണ്ടാകുമോയെന്നതാണ് ആകാംക്ഷ വർധിപ്പിക്കുന്നത്. കേസ് അട്ടിമറിച്ചതിൽ എം.ആർ. അജിത്ത്കുമാറിന്‍റെ പങ്ക് പരാമർശിക്കുന്ന എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പി രവാഡ ചന്ദ്രശേഖറിന്‍റെ പക്കലാണ്. ഈ റിപ്പോർട്ടിൽ അജിത്ത്കുമാറിന്‍റെ വിശദീകരണംകൂടി വാങ്ങി ശിപാർശ സഹിതം റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറുമെന്നാണ് പൊലീസ് ആസ്ഥാന വൃത്തങ്ങൾ നൽകുന്ന സൂചന.
എന്നാൽ, സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് മുമ്പ് റിപ്പോർട്ട് കൈമാറുമോയെന്ന് കാത്തിരുന്ന് കാണണം. സ്ക്രീനിങ് കമ്മിറ്റിയിൽ ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും പങ്കെടുക്കും. എം.ആർ. അജിത്ത്കുമാറിനെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിലുൾപ്പെടെ പ്രതിഷേധം നിലനിൽക്കുകയാണ്. കഴിഞ്ഞമാസം 23ന് സമർപ്പിച്ച എസ്.ഐ.ടി റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിക്കാത്തതാണ് വിവാദമായി തുടരുന്നത്. ആദ്യം സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തത തേടി ഡി.ജി.പി മടക്കിയ റിപ്പോർട്ടിൽ തുടരന്വേഷണം നടത്തി എസ്.ഐ.ടി വീണ്ടും റിപ്പോർട്ട് കൈമാറിയിട്ടും ദിവസങ്ങളായി. എം.ആർ. അജിത്ത്കുമാറിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്.
ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ ഈമാസം 31ന് സർവിസിൽ നിന്ന് വിരമിക്കുന്ന ഒഴിവിലാണ് ഡി.ജി.പിയെ തീരുമാനിക്കാൻ യോഗം ചേരുന്നത്.
സ്ഥാനക്കയറ്റത്തിൽ ആദ്യപരിഗണന അജിത്ത്കുമാറിനാണ്. രക്ഷാപ്രവർത്തന കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട് അജിത്ത്കുമാറിനെതിരെ അച്ചടക്കനടപടിയുണ്ടായാൽ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാത്ത സാഹചര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.