കേരള ഹൈകോടതി
കൊച്ചി: തിരുവനന്തപുരം കോവളം കോളിയൂർ മരിയാദാസ് വധക്കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷ ഹൈകോടതി റദ്ദാക്കി 30 വർഷത്തെ കഠിനതടവായി കുറച്ചു. തമിഴ്‌നാട് കാശിനാഥപുരത്ത് താമസക്കാരനായ വെമ്പായം സ്വദേശി അനിൽകുമാറിന് (കൊലുസ് ബിനു -41) തിരുവനന്തപുരം അഡീ. സെഷൻസ് കോടതി വിധിച്ച വധശിക്ഷയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കിയത്.
അതേസമയം, രണ്ടാംപ്രതി തമിഴ്‌നാട് ശാന്തമേട് സ്വദേശി ചന്ദ്രശേഖരന്റെ (ചന്ദ്രൻ-41) ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ഒന്നാംപ്രതി പരോളില്ലാതെ 30 വർഷം കഠിനതടവ് അനുഭവിക്കണമെന്നാണ് ഡിവിഷൻബെഞ്ച് ഉത്തരവ്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലും ഒന്നാംപ്രതിയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതിതേടി സർക്കാർ നൽകിയ ഹരജിയുമാണ് കോടതി പരിഗണിച്ചത്. 2016 ജൂലൈ ഏഴിന് പുലർച്ച കോളിയൂർ ചനൽകര പുത്തൻവീട്ടിൽ അതിക്രമിച്ചുകയറി മരിയാദാസിനെ വധിക്കുകയും ഭാര്യയെ മർദിച്ച് അവശയാക്കുകയും ആഭരണങ്ങൾ കവരുകയും ചെയ്തെന്നാണ് കേസ്.
സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും ഫോറൻസിക് തെളിവുകളും പരിശോധിക്കുമ്പോൾ പ്രതികൾ തന്നെയാണ് കുറ്റംചെയ്തതെന്ന് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമായി കണക്കാക്കാനാകില്ലെന്നും സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും വിലയിരുത്തിയാണ് ഒന്നാംപ്രതിയുടെ വധശിക്ഷ ഇളവ് ചെയ്തത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയാകുമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.