കൊച്ചി: സർക്കാർ നിശ്ചയിച്ച സമയപരിധിയായ ഒക്ടോബർ മൂന്നിനകം ഒഴിയാമെന്ന് മരടിലെ ഫ് ലാറ്റുടമകൾ. അധികൃതരുമായി നടന്ന ചർച്ചയിൽ ഫ്ലാറ്റ് സംരക്ഷണ സമിതിയുടെ ആവശ്യങ്ങ ൾ അംഗീകരിച്ചതോടെയാണ് തീരുമാനം. ഒഴിയും വരെ ഫ്ലാറ്റുകളിൽ വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിക്കും. സാധനസാമഗ്രികൾ പുതിയ സ്ഥലത്തേക്ക് കൊണ്ടുപോകാൻ സൗകര്യം ഒരുക്കും. നഷ്ടപരിഹാരത്തുക തിട്ടപ്പെടുത്താൻ ഫ്ലാറ്റ് പൊളിക്കും മുമ്പ് മൂന്നംഗ സമിതി പരിശോധിക്കും. ചർച്ചയെ തുടർന്ന് വിവിധ ആവശ്യങ്ങളുന്നയിച്ച് ഹോളി ഫെയ്ത്ത് ഫ്ലാറ്റിൽ ഉടമകളിലൊരാളായ ജയകുമാർ വള്ളിക്കാവ് ആരംഭിച്ച നിരാഹാരം പിൻവലിച്ചു.
എം. സ്വരാജ് എം.എൽ.എ, ജില്ല കലക്ടർ എസ്. സുഹാസ്, സബ് കലക്ടർ സ്നേഹിൽകുമാർ സിങ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ, ഡി.ഐ.ജി കെ.പി. ഫിലിപ്പ് എന്നിവരുെട നേതൃത്വത്തിലായിരുന്നു ചർച്ച. ഉടമകളുടെ തീരുമാനം സർക്കാറിന് ആശ്വാസകരമാണ്. ഒഴിയില്ലെന്ന കർക്കശ നിലപാടാണ് ദിവസങ്ങളായി ഉടമകൾ സ്വീകരിച്ചിരുന്നത്.
എന്തായാലും പൊളിച്ചേ മതിയാകൂ എന്ന് അറിയിച്ചതോടെയാണ് ഉടമകൾ സന്നദ്ധത അറിയിച്ചത്. നാല് ഫ്ലാറ്റിലും വാടകക്ക് താമസിക്കുന്ന പലരും ഒഴിഞ്ഞുതുടങ്ങുകയും സാധനങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്.
പുനരധിവാസത്തിന് നെട്ടൂർ, ഇടപ്പള്ളി, കാക്കനാട് പ്രദേശങ്ങളിലെ 510 ഫ്ലാറ്റ് ജില്ല ഭരണകൂടം കണ്ടെത്തിയതിെൻറ പട്ടിക ഉടമകൾക്ക് നൽകിയിട്ടുണ്ട്. ഉടമകൾ തിങ്കളാഴ്ച പുതിയ താമസസ്ഥലങ്ങൾ പരിശോധിച്ച് മാറാൻ നടപടി തുടങ്ങും. വാടക ഫ്ലാറ്റുടമകൾ വഹിക്കണമെന്നും അത് നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടുത്തി നൽകാമെന്നുമുള്ള നിർദേശം ഉടമകൾ അംഗീകരിച്ചില്ല. ജില്ല കലക്ടറും എം.എൽ.എയും സർക്കാറിൽ സമ്മർദം ചെലുത്തി വാടകയിനത്തിൽ ഉടൻ ഒരു ലക്ഷം വീതം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കോടതിവിധിയുടെ പരിമിതിയിൽനിന്ന് സാധ്യമായത് ചെയ്യുമെന്ന് ഉറപ്പ് ലഭിച്ചതായി ഫ്ലാറ്റ് സംരക്ഷണ സമിതി ചെയർമാൻ ഷംസുദ്ദീൻ കരുനാഗപ്പള്ളി പറഞ്ഞു. നഷ്ടപരിഹാരമായ 25 ലക്ഷം ഒന്നോ രണ്ടോ ആഴ്ചക്കകം അക്കൗണ്ടിലെത്തുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. മാർക്കറ്റ് വിലയുമായി താരതമ്യം ചെയ്ത് ഫ്ലാറ്റിന് വില കണക്കാക്കണം.
കേസിൽ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇനിയും നിയമസാധ്യതകളുണ്ടോയെന്ന് പരിശോധിക്കും. കെട്ടിടം പൊളിച്ചശേഷം ഭൂമി കൈമാറാൻ മൂന്നുമാസം സമയം വേണമെന്ന ആവശ്യം അംഗീകരിച്ചതായും ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.