മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കില്ലെന്ന് സബ്കലക്ടര്‍

കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ഒഴിയാന്‍ സമയം നീട്ടിനല്‍കാനാവില്ലെന്ന്​ അധികൃതർ.ഫ്ലാറ്റുകൾ ഒഴിയുന്നതിനുള്ള സമയപരിധി വ്യാഴാഴ്​ച അവസാനിരിക്കെയാണ്​ താമസക്കാർ കൂടുതൽ സമയമനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടത്​. ഫ്ലാറ്റ്​ സമുച്ചയങ്ങള്‍ പൊളിക്കുന്നതിനുള്ള 138 ദിന കര്‍മ പരിപാടിയുമായി മുന്നോട്ടു പോവുകയാണെന്നും ഇനിയും സമയം അനുവദിക്കാനാവില്ലെന്നും സബ്കലക്ടര്‍ സ്നേഹില്‍ കുമാര്‍ വ്യക്തമാക്കി. ഒഴിയാന്‍ തയാറാകാത്തവര്‍ക്കെതിരെ നിയമ നടപടി എടുക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മരട് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാന് മുന്നില്‍ ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചു. നഗരസഭാ സെക്രട്ടറി ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ലാറ്റില്‍ എത്തിയപ്പോഴാണ് ഫ്ലാറ്റുടമകള്‍ പ്രതിഷേധിച്ചത്. ഫ്ലാറ്റുകള്‍ ഒഴിയാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിയില്ലെന്ന് ഫ്ലാറ്റ് ഉടമകള്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയ പരിധി അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ ഇതുവരെ വാടകക്കാർ മാത്രമാണ് ഫ്ലാറ്റുകൾ വിട്ടൊഴിഞ്ഞത്. നാലു ഫ്ലാറ്റുകളിൽ ആയി 196 കുടുംബങ്ങൾ ഇപ്പോഴും താമസിക്കുന്നുണ്ട്.

ഇവരിൽ 186 കുടുംബങ്ങൾക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു ഇന്നലെ ഉച്ചയ്ക്ക് നഗരസഭയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകൾ പറയുന്നു.

ഫ്ലാറ്റുകൾ ഒഴിയാൻ 15 ദിവസത്തെ സമയപരിധി അനുവദിക്കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. എന്നാൽ ഇനി സമയപരിധി നീട്ടി നൽകാനാവില്ലെന്ന് നഗരസഭ സെക്രട്ടറിയും സബ് കലക്ടറും വ്യക്തമാക്കിയിരിക്കുകയാണ്.

Tags:    
News Summary - Marad Flat issue - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.