മാവോവാദി സിനോജിന്‍െറ മൃതദേഹം സംസ്കരിക്കുന്ന വിഡിയോ പുറത്ത്

നിലമ്പൂര്‍: മാവോവാദി നേതാവ് സിനോജ് ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട വിഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കരുളായി റേഞ്ച് ഒണക്കപാറയിലെ മാവോവാദികളുടെ ക്യാമ്പ് ഷെഡില്‍നിന്ന് കണ്ടെടുത്ത പെന്‍ ഡ്രൈവിലാണ് സിനോജിന്‍െറ മൃതദേഹം വനത്തിനുള്ളില്‍ സംസ്കരിക്കുന്ന ദൃശ്യങ്ങളുള്ളത്. മാവോവാദി നേതാവും പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റി വക്താവുമായ വലപ്പാട് സ്വദേശി സിനോജ് കേരള-കര്‍ണാടക വനാതിര്‍ത്തിയില്‍ ബോംബ് നിര്‍മാണത്തിനിടെ 2014 ജൂണ്‍ 16നാണ് കൊല്ലപ്പെടുന്നതെന്ന് കുടുംബത്തിന് വിവരം ലഭിക്കുകയായിരുന്നു.

രാജന്‍, രമേശന്‍ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സിനോജ് ഝാര്‍ഖണ്ഡില്‍നിന്ന് 2010ല്‍ ഗറില്ല പരിശീലനം ലഭിച്ചയാളാണെന്നാണ് പൊലീസിനുള്ള വിവരം. സി.പി.ഐ മാവോയിസ്റ്റ് കേരള സ്റ്റേറ്റ് കമ്മിറ്റി അംഗമായ സിനോജ് 2009ല്‍ വയനാട് വെച്ച് അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം സംഘടനയുമായി വീണ്ടും ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വരികയായിരുന്നു. വടക്കന്‍ കര്‍ണാടകയിലെ സുബ്രഹ്മണ്യ വനത്തിലെ മാവോവാദി ക്യാമ്പ് അംഗമായിരുന്നു. 2012ല്‍ കര്‍ണാടക ആന്‍റി നക്സല്‍ സ്ക്വാഡ് ക്യാമ്പ് ഓപറേഷന്‍ നടത്തിയപ്പോള്‍ സിനോജും മാവോവാദി ക്യാമ്പിലുണ്ടായിരുന്നു.

2014 ജൂണ്‍ 16നാണ് വനത്തില്‍ ബോംബ് നിര്‍മാണത്തിനിടെ സിനോജ് കൊല്ലപ്പെടുന്നത്. മാവോവാദികള്‍ സിനോജിന്‍െറ മൃതദേഹം ഉള്‍വനത്തില്‍ മറവ് ചെയ്യുകയായിരുന്നു. പെന്‍ ഡ്രൈവിലുണ്ടായിരുന്ന ഇതിന്‍െറ ദൃശ്യങ്ങളാണ ്പൊലീസ് ഇപ്പോള്‍ പുറത്തുവിട്ടത്. ബോംബ് നിര്‍മാണത്തിനിടെ സിനോജ് കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റു നാലുപേര്‍ക്കു കൂടി പരിക്കേറ്റിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇവരില്‍ മലപ്പുറം സ്വദേശിക്ക് വലതു കൈപ്പടം നഷ്ടപ്പെട്ടതായും പൊലീസ് കരുതുന്നു.

 

 

Tags:    
News Summary - maoist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.