നിലമ്പൂർ: മാവോവാദി വനിതനേതാവ് പാലക്കാട് മലമ്പുഴ കോട്ടേക്കാട് സ്വദേശി ലത എന്ന മീര (48) കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെെട്ടന്ന വാർത്ത സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മാവോവാദി പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി വക്താവ് ജോഗിയാണ് വാർത്തകുറിപ്പിലൂടെ വെള്ളിയാഴ്ച മരണവാർത്ത പുറത്തുവിട്ടത്. ആഗസ്റ്റ് ആറിന് വൈകീട്ട് ആറോടെ നാടുകാണി വനത്തിൽ ലത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെെട്ടന്നാണ് കുറിപ്പിലുള്ളത്.
വൈദ്യസഹായം നൽകാൻ സാധിക്കാത്തതിലും മൃതദേഹം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കാൻ കഴിയാതെ വനത്തിൽ സംസ്കരിക്കേണ്ടിവന്നതിലും ഖേദിക്കുന്നതായി വാർത്തകുറിപ്പിൽ പറയുന്നു. മൃതദേഹം പാർട്ടി ബഹുമതികളോടെ വനത്തിൽ സംസ്കരിച്ചെന്നും കുറിപ്പിലുണ്ട്. വാർത്ത അവിശ്വസിക്കേണ്ടതില്ലെന്നും കാടിനകത്ത് മരിക്കുന്ന പ്രവർത്തകരുടെ വിവരം മുമ്പും മാവോവാദികൾ വാർത്തകുറിപ്പിലൂടെ അറിയിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
ബോംബ് കൈകാര്യം ചെയ്യുന്നതിനിടെ 2014ൽ കേരള-തമിഴ്നാട് വനാതിർത്തിയിൽ മലയാളി ഷിനോജും 2015ൽ മുതുമല വനത്തിൽ കാട്ടാന ആക്രമണത്തിൽ കർണാടക സ്വദേശി ജെ.എം. കൃഷ്ണനും മരിച്ച വിവരം ഇത്പ്രകാരമാണ് പുറംലോകമറിഞ്ഞത്. മാവോവാദി പ്രവർത്തകനായിരുന്ന രവീന്ദ്രനുമായുള്ള വിവാഹത്തിന് ശേഷമാണ് ലത സംഘടനയിലെത്തിയത്.
രവീന്ദ്രെൻറ മരണശേഷം മാവോവാദി നേതാവ് പാണ്ടിക്കാട് സ്വദേശി സി.പി. മൊയ്തീൻ വിവാഹം ചെയ്തു. മാവോവാദി സംഘടനയും നക്സൽ ബാരിയും ലയിച്ചതോടെ സജീവപ്രവർത്തകയായി. പാലക്കാട് കേന്ദ്രീകരിച്ച ഭവാനി ദളത്തിലെ ഒളിപ്പോരാളിയായ ലത 15 വർഷമായി ഒളിവിലായിരുന്നു. വയനാട് തലപ്പാടി പൊലീസ് സ്റ്റേഷനിൽ രണ്ടും കണ്ണൂർ കേളകം, കരിക്കോട്ടേരി സ്റ്റേഷനുകളിൽ ഒന്നും വീതം കേസുകളാണുള്ളത്.
ലത കൊല്ലപ്പെട്ട വനഭാഗം സ്ഥിരീകരിക്കാനായില്ല
നിലമ്പൂർ: മാവോവാദി നേതാവ് ലത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനമേഖല സ്ഥിരീകരിക്കാനാവാതെ പൊലീസ്. കേരള പൊലീസിന് പുറമെ തമിഴ്നാട്, കർണാടക പൊലീസും ഇക്കാര്യത്തിൽ അന്വേഷണം നടത്തിവരികയാണ്. മാവോവാദി വക്താവിെൻറ വാർത്തകുറിപ്പിൽ നാടുകാണി വനത്തിൽ എന്ന് മാത്രമാണുള്ളത്. പാലക്കാട്, വയനാട്, നിലമ്പൂർ, കണ്ണൂർ വനമേഖലയെല്ലാം മാവോവാദി നാടുകാണി ദളത്തിലുൾപ്പെട്ട മേഖലകളാണ്.
നിലമ്പൂർ വനമേഖലയിലെ മുണ്ടേരി, -തമിഴ്നാട് അതിർത്തിയായ ഗ്ലാൻറോക്ക്, പാലക്കാട് വനമേഖലയിലെ ചൂരൽമല ഭാഗങ്ങൾ പൊലീസ് സംശയിക്കുന്നുണ്ട്. വാർത്തകുറിപ്പല്ലാതെയുള്ള തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. നേരേത്ത, ബോംബ് പൊട്ടി മരിച്ച സിനോജിെൻറ മൃതദേഹം മാവോവാദികൾ വനത്തിൽ സംസ്കരിക്കുന്ന ദൃശ്യങ്ങൾ കരുളായി ക്യാമ്പ് ഷെഡിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.