മനോരമ വധം: പ്രതി ആദം അലിയുടെ ജാമ്യ ഹരജി തള്ളി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് സീനിയര്‍ സൂപ്രണ്ട് ആയി വിരമിച്ച കേശവദാസപുരം സ്വദേശിനി മനോരമയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി ആദം അലിയുടെ ജാമ്യ ഹരജി കോടതി തളളി. ആറാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി കെ. വിഷ്ണുവാണ് ജാമ്യ ഹര്‍ജി തളളിയത്.

അന്യ സംസ്ഥാനക്കാരനായ പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ സംസ്ഥാനം വിട്ടു പോകുമെന്നും കൊലപാതകം നേരിട്ട് കണ്ട പ്രതിയുടെ സുഹൃത്തുക്കളായ സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിയ്ക്കുമെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് കോടതി പ്രതിയുടെ ജാമ്യ ഹര്‍ജി തളളിയത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള പ്രതിയുടെ വിചാരണ എപ്പോള്‍ വേണമെങ്കിലും നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചു.

പ്രതിയ്ക്കുവേണ്ടി അഭിഭാഷകനായ ബി. എ. ആളൂരാണ് ഹാജരാകുന്നത്. 2022 ആഗസ്റ്റ് ഏഴിന് ഉച്ചയക്കാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതകം നടന്നത്. നിർമാണ തൊഴിലാളിയായി എത്തിയ പ്രതി മനോരമയുടെ വീട്ടില്‍ അവരുടെ ഭര്‍ത്താവ് ദിനരാജ് ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീട്ടില്‍ അതിക്രമിച്ച് കടക്കുകയായിരുന്നു. മനോരമയെ കൊലപ്പെടുത്തിയ പ്രതി മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ തള്ളി.

ആദ്യം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പ് വരുത്താന്‍ മനോരമയുടെ കഴുത്ത് മുറിക്കുകയും ചെയ്തു. മൃതദേഹം വെളളത്തില്‍ പൊങ്ങി വരാതിരിയ്ക്കാന്‍ കാലില്‍ ഇഷ്ടിക കെട്ടിയിട്ടാണ് കിണറ്റിലേയ്ക്ക് വലിച്ചെറിഞ്ഞത്. കേസില്‍ പോലീസ് പ്രതിയക്കെതിരെ കോടതിയില്‍ ഒക്ടോബര്‍ 10 ന് തന്നെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

Tags:    
News Summary - manorama murder: accused bail petition rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.