പൂക്കോട് സർവ്വകലാശാല കവാടത്തിൽ മാവോയിസ്റ്റുകൾ ബോംബ് വെച്ചു

വൈത്തിരി: പൂക്കോട് വെറ്ററിനറി കോളേജ് പരിസരത്ത് മാവോയിസ്റ്റ് സാന്നിധ്യമെന്ന് റിപോർട്ട്. ഇന്ന് പുലർച്ചെ മൂന് നു മണിക്ക് പൂക്കോട് വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റി കവാടത്തിൽ മാവോയിസ്റ്റുകളെത്തി ബോംബ് വെച്ചതായാണ്​ റിപോർട്ട്​. ഒരു സ്ത്രീയടക്കം മൂന്നു പേരടങ്ങുന്ന സായുധ സംഘമാണ്​ എത്തിയത്​.

സ്‌ക്യൂരിറ്റി ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം ദേശീയപാതയോടു ചേർന്ന കവാടത്തിൽ ബാനർ കെട്ടി. സെക്യൂരിറ്റി ജീവനക്കാരനായ കേണിച്ചിറ സ്വദേശി പ്രഭാകരനെ മുറിയിൽ ബന്ദിയാക്കിയ ശേഷമാണ് ബാനർ കെട്ടിയത്. ബാനർ അഴിച്ചാൽ പൊട്ടിക്കുമെന്നു ഭീഷണിപ്പെടുത്തി സ്ഫോടകവസ്തു പ്രധാന ഗേറ്റിൽ വെക്കുകയായിരുന്നു.

വിവരമറിഞ്ഞ്​ കൽപ്പറ്റ ഡിവൈ.എസ്‍.പി പ്രിൻസ് എബ്രഹാം സ്ഥലത്തെത്തി. വൈത്തിരി പൊലീസ്, തണ്ടർബോൾട്ട്, ബോംബ് സ്‌ക്വഡ്, ഡോഗ് സ്‌ക്വഡ് എന്നിവരും സ്ഥലത്തെത്തി. ബോംബ് നിർവീര്യമാക്കാൻ നടപടിയെടുത്തിട്ടുണ്ട്. പോലീസും തണ്ടർബോൾട്ടും സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. ദേശീയപാതയിൽ ഗതാഗതത്തിനു അൽപനേരം നിയന്ത്രണമേർപ്പെടുത്തി. ആരെയും പിടികൂടിയിട്ടില്ല.

ഒരാഴ്ചമുമ്പ് സുഗന്ധഗിരി പ്ലാന്റേഷൻസ് സ്‌കൂൾ കവാടത്തിൽ മാവോയിസ്റ്റുകൾ പോസ്റ്ററുകൾ പതിച്ചിരുന്നു. മാവോയിസ്റ്റുകൾക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ടെന്നും തിരച്ചിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും കൽപ്പറ്റ ഡിവൈഎസ്‍പി പ്രിൻസ് എബ്രഹാം മാധ്യമത്തോട് പറഞ്ഞു.

Tags:    
News Summary - Manoist in Pookodu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.