പത്തിരിപ്പാല (പാലക്കാട്): ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷൻ കവാടത്തിലും പാലക്കാട്-കോഴിക്കോട് റോഡിലെ മുണ്ടൂർ കവലയിലും ജനത്തെ മുൾമുനയിൽ നിർത്തിയ കാട്ടാനകൾ ജനവാസ മേഖലയായ മാങ്കുറുശ്ശിയെ പകൽ മുഴുവൻ ഭീതിയിലാഴ്ത്തി. മുണ്ടൂർ, പറളി വഴി കുളപ്പുള്ളി സംസ്ഥാന പാതയിലെ മാങ്കുറുശ്ശിയിൽ എത്തിയ മൂന്ന് ആനകളെ വിരട്ടിയോടിക്കാൻ ഫലപ്രദമായ വഴി കാണാതെ അധികൃതർ കുഴങ്ങുകയാണ്. ജനത്തെ നിയന്ത്രിക്കാൻ പാടുപെട്ട പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും കാട്ടാനകളുടെ ആക്രമണ നീക്കങ്ങളിൽ നിന്ന് പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
മാങ്കുറുശ്ശി ടൗണിൽ നിന്ന് 100 മീറ്റർ മാത്രം അകലെ സ്വകാര്യ വ്യക്തിയുടെ പൊന്തക്കാടിലാണ് ഒരു പകൽ മുഴുവൻ ആനകൾ തമ്പടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയോടെയാണ് ഇവ അയ്യർമല വലിയകാടിൽ നിന്ന് പുള്ളോട് തേനൂർ വഴി ഇവിടെയെത്തിയത്. സംസ്ഥാനപാത മുറിച്ച് കടന്നെത്തിയ ആനകൾ മാങ്കുറുശ്ശി ചാത്തംകുളത്തെ ഇടവഴിയിലൂടെ നീങ്ങി കാവുങ്ങൽ ഹാഷിമിെൻറ വളപ്പിലെ കമ്പിവേലിയും തെങ്ങിൻതൈയും തകർത്താണ് കൂരാത്ത് കൃഷ്ണകുമാർ, ദാസൻ എന്നിവരുടെ സ്ഥലത്തെത്തി പൊന്തക്കാട്ടിൽ തമ്പടിച്ചത്. വീട്ടുമുറ്റത്ത് പശുക്കൾക്ക് കൊടുക്കാൻ വെച്ചിരുന്ന കഞ്ഞിവെള്ളവും കുടിച്ചാണ് വീണ്ടും സമീപത്തെ സ്വകാര്യ വ്യക്തിയുടെ പൊന്തക്കാട്ടിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചത്. കൂരാത്ത് ദാസെൻറ വീട്ടിലെ കമ്പിവേലിയും തകർത്തിട്ടുണ്ട്.
ഇതിനിടെ ഒരു കൊമ്പൻ വനംവകുപ്പ് ജീവനക്കാരുടെ നേരെ തിരിഞ്ഞതോടെ തലനാരിഴക്കാണ് മൂന്ന് ഉദ്യാഗസ്ഥർ ഓടി രക്ഷപ്പെട്ടത്. ആന വലിച്ചിടുന്ന മരം തട്ടി ഇടക്കിടെ വൈദ്യുതി ലൈനിൽ പൊട്ടിത്തെറിയുണ്ടായി. കെ.എസ്.ഇ.ബിക്കാർ ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ മങ്കര എസ്.ഐ പ്രകാശെൻറ നേതൃത്വത്തിൽ പൊലീസ് ചുറ്റുഭാഗവും വളഞ്ഞു. കൂട്ടംകൂടി നിന്നവരെ നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. ഏറെ നേരം ഒറ്റപ്പാലം ഭാഗത്തേക്കുള്ള ഗതാഗതത്തിലും നിയന്ത്രണമുണ്ടായി.
വ്യാഴാഴ്ച അർധരാത്രിക്ക് ശേഷം മുണ്ടൂർ ജങ്ഷനിൽ വിഹരിച്ച കാട്ടാനകളാണ് ബസ്സ്റ്റാൻഡ്, പറളി, തേനൂർ, അയ്യർമല വഴി മാങ്കുറുശ്ശിയിലെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് ഇവയെ മാങ്കുറുശ്ശിയിൽ കണ്ടത്. രാവിലെ ഏഴരയോടെ മുണ്ടൂരിൽ നിന്ന് 50ഓളം വനം വകുപ്പ് ഉദ്യോഗസ്ഥരും റാപിഡ് ഫോഴ്സും സ്ഥലത്തെത്തി. കാട്ടാന ഭീഷണി കാരണം മാങ്കുറുശ്ശി യു.പി സ്കൂളിന് വെള്ളിയാഴ്ച അവധി നൽകിയിരുന്നു. ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ മൈക്ക് പ്രചാരണവും ഉണ്ടായി. ദേശീയ-സംസ്ഥാന പാതകളിൽ കാട്ടാനകൾ നിരന്തരം തമ്പടിക്കുന്ന അനുഭവം ജില്ലയിൽ മുമ്പുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.