കൊച്ചി: ഇളംമഞ്ഞിന്റെ കുളിരും നാടൻ പാട്ടിന്റെ മടിശ്ശീലക്കിലുക്കവും നിറഞ്ഞ വരികളിലൂടെ മലയാള സിനിമയിൽ ഹിറ്റ് പാട്ടുകളുടെ ലക്ഷാർച്ചന ഒരുക്കിയ ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. സംസ്കാരം പിന്നീട്. ഭാര്യ: കനകമ്മ. മക്കൾ: രേഖ, സ്വപ്ന, യദുകൃഷ്ണൻ, ദിവ്യ. മരുമക്കൾ: അശോകൻ, വിനോദ്, രേഖ, വിമൽ.
220ലധികം സിനിമകളിലായി 850ഓളം ഗാനങ്ങൾ രചിച്ച മങ്കൊമ്പ് ഗോപാലകൃഷ്ണൻ കവി, നിരൂപകൻ, തിരക്കഥാകൃത്ത്, പരിഭാഷകൻ എന്നീ നിലകളിലും നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു.
എറണാകുളം വൈറ്റില തൈക്കൂടത്ത് ‘ലക്ഷാർച്ചന’യിലായിരുന്നു താമസം. 1947ൽ ആലപ്പുഴ കുട്ടനാട്ടിലെ മങ്കൊമ്പിൽ ജനിച്ച ഗോപാലകൃഷ്ണൻ ചെറുപ്പംമുതൽ കവിതകൾ എഴുതുമായിരുന്നു. നാടകഗാനങ്ങളിലൂടെയാണ് പാട്ടെഴുത്തിലേക്ക് കടന്നത്. 1971ൽ പുറത്തിറങ്ങിയ ‘വിമോചനസമരം’ ആണ് മങ്കൊമ്പിന്റെ ഗാനങ്ങളുമായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഹരിഹരൻ സംവിധാനംചെയ്ത ‘അയലത്തെ സുന്ദരി’യിലെ ‘ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോഴൊരു’ എന്ന ഗാനം വയലാറും പി. ഭാസ്കരനും ഒ.എൻ.വിയും ശ്രീകുമാരൻ തമ്പിയും നിറഞ്ഞുനിന്ന മലയാള സിനിമയിൽ മങ്കൊമ്പിനെ തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റി.
ലക്ഷാർച്ചന കണ്ടു (അയലത്തെ സുന്ദരി), ഇവിടമാണീശ്വര സന്നിധാനം, നാടൻ പാട്ടിന്റെ മടിശ്ശീല കിലുങ്ങും (ബാബുമോൻ), ആഷാഢ മാസം (യുദ്ധഭൂമി), സ്വയംവര ശുഭദിന, താലിപ്പൂ പീലിപ്പൂ, ആശ്രിത വത്സലനേ (സുജാത), വാസമില്ലാ മലരിത് (ഒരു തലൈരാഗം), ഇളമുല്ല പൂവേ (ലേഡി ടീച്ചർ), ഒരു പുന്നാരം (ബോയിങ് ബോയിങ്), ഇളംമഞ്ഞിൻ കുളിരുമായൊരു (നിന്നിഷ്ടം എന്നിഷ്ടം), ഈ പുഴയും (മയൂഖം), പച്ച തീയാണ് നീ (ബാഹുബലി) തുടങ്ങിയവ അദ്ദേഹം രചിച്ച എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.