പാട്ടുപാടി മഞ്ചേശ്വരം ആര് പിടിക്കും? VIDEO

ചുവടുകളും മെയ്യഭ്യാസങ്ങളും കൊണ്ട് എതിരാളിയെ കീഴ്പ്പെടുത്തുന്നതാണ് കളരിപ്പയറ്റിലെ തുളുനാടൻ ശൈലി. എന്നാൽ, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം പിടിക്കണമെങ്കിൽ ഈ ചുവടുകളും അഭ്യാസങ്ങളും മതിയാവില്ല. സ്ഥാനാർഥികൾക്ക് രാഷ്ട്രീയ മെയ് വഴക്കം തന്നെ വേണം. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ ത്രി​കോ​ണ ​മ​ത്സ​ര​ത്തിനാണ് ഭാഷാ ന്യൂനപക്ഷങ്ങളുടെ നാടായ മഞ്ചേശ്വരം ഇത്തവണയും സാക്ഷ്യം വഹിക്കാൻ പോവുന്നത്. അരയും തലയും മുറുക്കി തന്ത്രവും മറുതന്ത്രവും പയറ്റി മണ്ഡലം പിടിക്കാനുള്ള അങ്കത്തിലാണ് സ്ഥാനാർഥികൾ.

2018 ഒ​ക്​​ടോ​ബ​ർ 20ന് മുസ് ലിം ലീഗ് നേതാവും സിറ്റിങ് എം.എൽ.എയുമായ പി.​ബി. അ​ബ്​​ദു​റ​സാ​ഖിന്‍റെ​ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. എന്നാൽ, ക​ള്ള​വോ​ട്ട്​ ആരോ​പ​ണം ഉ​ന്ന​യി​ച്ച് എ​തി​ർ ​സ്ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​ൻ ​ഹൈകോടതിയിൽ നൽകിയ കേ​സിനെ തുടർന്നാണ് ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഉപതെരഞ്ഞെടുപ്പ് വൈ​കിയത്. ക​ള്ള​വോ​ട്ട്​ തെ​ളി​യി​ക്കു​ന്ന​തി​ന്​ സാ​ക്ഷി​ക​ളെ ഹാ​ജ​രാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട സു​രേ​ന്ദ്ര​ൻ, കേസ് പിൻവലിച്ചതോടെയാണ് മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Full View

കാസർകോഡ് താലൂക്കിലെ മഞ്ചേശ്വരം, വോർക്കാടി, മീഞ്ച, പൈവളിഗെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കർണാടകയുമായി അതിർത്തി പങ്കിടുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലം. തുളു, കന്നഡ അടക്കം ഏഴു ഭാഷകൾ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗമാണ് മണ്ഡലത്തിലേറെയും. 1,07,832 പുരുഷന്മാരും 1,06,881 സ്ത്രീകളും ഉൾപ്പെടെ 2,14,713 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് നിന്ന് സ്വതന്ത്ര സ്ഥാനാർഥി എം. ഉമേഷ് റാവു എതിരില്ലാതെയാണ് നിയമസഭയിലെത്തിയത്. 1960ലും 67ലും കോൺഗ്രസ് സ്വതന്ത്രൻ കെ. മഹാബല ഭണ്ഡാരിയും 70ലും 77ലും സി.പി.ഐ നേതാവായ എം. രാമപ്പയും 80ലും 82ലും സി.പി.ഐയുടെ തന്നെ ഡോ: എ. സുബ്ബറാവും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണ കോൺഗ്രസിലെ എൻ. രാമകൃഷ്ണനെയാണ് സുബ്ബറാവു പരാജയപ്പെടുത്തിയത്. അങ്ങനെ നായനാർ മന്ത്രിസഭയിൽ സുബ്ബറാവു അംഗമായി.

തുടർന്ന് 1987ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എച്ച്. ശങ്കര ആൽവയെ തോൽപിച്ച് മുസ് ലിം ലീഗിലെ ചെർക്കളം അബ്ദുല്ല മണ്ഡലം പിടിച്ചെടുത്തു. ഈ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.എൽ.എയായ എ. സുബ്ബറാവു മൂന്നാം സ്ഥാനത്തായി. ശേഷം നടന്ന നാല് തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരം മണ്ഡലത്തിൽ ലീഗ് പരാജയം അറിഞ്ഞിട്ടില്ല.

91, 96, 2001 തെരഞ്ഞെടുപ്പുകളിൽ വിജയം ആവർത്തിച്ച ചെർക്കളം അബ്ദുല്ല, ഏറ്റവും കൂടുതൽ കാലം മഞ്ചേശ്വരത്തിന്‍റെ എം.എൽ.എ എന്ന റെക്കോർഡും സ്വന്തമാക്കി. കൂടാതെ ചെർക്കളം എ.കെ ആന്‍റണി മന്ത്രിസഭയിൽ അംഗവുമായി. എന്നാൽ, 2006ലെ തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി സി.എച്ച്. കുഞ്ഞമ്പുവിന് മുമ്പിൽ ചെർക്കളത്തിന് അടിത്തെറ്റി. മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ലീഗിന്‍റെ ആദ്യ പരാജയമായിരുന്നു ഇത്.

2011ലെ തെരഞ്ഞെടുപ്പിൽ ജനകീയനായ പി.ബി. അബ്ദുറസാഖിനെ കളത്തിലിറക്കി ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു. ആ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ കെ. സുരേന്ദ്രൻ രണ്ടാം സ്ഥാനത്തും സിറ്റിങ് എം.എൽ.എ സി.എച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തും എത്തി. 2016ൽ 89 വോട്ടിന്‍റെ കുറഞ്ഞ ഭൂരിപക്ഷത്തിൽ അബ്ദുറസാഖ് വിജയം ആവർത്തിച്ചു. ഇത്തവണയും സുരേന്ദ്രനും കുഞ്ഞമ്പുവും തന്നെയായിരുന്നു എതിരാളികൾ. 56,870 വോ​ട്ട് റ​സാ​ഖിന് ല​ഭി​ച്ചപ്പോൾ കെ. സു​രേ​ന്ദ്രൻ​ 56,781 വോ​ട്ട് നേടി രണ്ടാം സ്ഥാനം പിടിച്ചു. സി.​പി.​എ​മ്മി​ലെ കു​ഞ്ഞ​മ്പു​വി​ന്​ ല​ഭി​ച്ചത് 42,565 വോ​ട്ട്.

1987 മുതൽ കഴിഞ്ഞ ഏഴു തെരഞ്ഞെടുപ്പുകളിലും മഞ്ചേശ്വരത്ത് ബി.ജെ.പി രണ്ടാം സ്ഥാനം നിലനിർത്തി വരികയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ 89 വോ​ട്ടി​ന്‍റെ മാ​ത്രം ഭൂ​രി​പ​ക്ഷം മ​ഞ്ചേ​ശ്വ​ര​ത്ത് ബി.​ജെ.​പി​യുടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പിക്കുന്നു. എന്നാൽ, ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​മു​ന്നേ​റ്റം ബി.​ജെ.​പി​ക്ക്​ നി​ല​നി​ർ​ത്താ​നാ​യി​ല്ല. മ​ഞ്ചേ​ശ്വ​രം ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പിൽ 11,113 വോട്ടിന്‍റെ വ്യത്യാസമാണ് യു.ഡി.എഫ്-എൻ.ഡി.എ സ്ഥാനാർഥികൾ തമ്മിലുള്ളത്.

ജില്ലാ അധ്യക്ഷനും യു.​ഡി.​എ​ഫ് ചെയർമാനുമായ എം.സി ഖമറുദ്ദീനെ മുസ് ലിം ലീഗ് ഇത്തവണ സ്ഥാനാർഥിയാക്കിയപ്പോൾ, യക്ഷഗാന കലാകാരനും ജില്ലാ കമ്മിറ്റിയംഗവുമായ ശ​ങ്ക​ർ റൈയെ ആണ് എൽ.​ഡി.​എ​ഫ് കളത്തിലിറക്കിയത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ബി.ജെ.പി സംസ്ഥാന സമിതിയംഗം രവീ​ശ​ത​ന്ത്രി കു​ണ്ടാ​റാണ് എൻ.ഡി.എ സ്ഥാനാർഥി.

റോഡുകളുടെ ശോചനീയാവസ്ഥ, തീരദേശ പുനരധിവാസം, കുടിവെള്ള ക്ഷാമം, മണ്ഡല വികസനം, ശബരിമല യുവതീ പ്രവേശനം, പെരിയ ഇരട്ടക്കൊല അടക്കമുള്ളവയാണ് തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മുഖ്യ ചർച്ചാ വിഷയമാക്കുക. എന്നാൽ, രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ശബരിമല വിഷയത്തിലെ കേന്ദ്ര സർക്കാറിന്‍റെ ഉദാസീന നിലപാടും ഹിന്ദി ഭാഷാ വിവാദവും ബി.ജെ.പിയെ പ്രതിരോധത്തിലാക്കും.

ഭൂരിപക്ഷ വോട്ടുകളുടെ കേന്ദ്രീകരണമാണ് യു.ഡി.എഫും എൽ.ഡി.എഫും ഒരു പോലെ ഭയക്കുന്നത്. മുസ് ലിം വോട്ടുകൾ ഒന്നിപ്പിക്കുന്നതിനൊപ്പം മറ്റ് വിഭാഗങ്ങളുടെ വോട്ടുകളും നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ലീഗ്. ആർ.എസ്.എസ്- വി.എച്ച്.പി പശ്ചാത്തലമുള്ള രവീ​ശ​ത​ന്ത്രിയെ സ്ഥാനാർഥിയാക്കിയത് വഴി സാമുദായിക വോട്ടുകളുടെ ഏകീകരണത്തിനാണ് ബി.ജെ.പിയുടെ നീക്കം. ഇതിനെ പ്രതിരോധിക്കാനാണ് സി.എച്ച് കുഞ്ഞമ്പുവിനെ മാറ്റി ശ​ങ്ക​ർ റൈയെ സി.പി.എം സ്ഥാനാർഥിയാക്കിയത്.

തുളു, കന്നഡ ഭാഷാ കൂട്ടായ്മക്ക് നേതൃത്വം നൽകുകയും നിരവധി ക്ഷേത്രങ്ങളുടെ ചുമതലക്കാരനുമായ ശ​ങ്ക​ർ റൈയിലൂടെ ബി.ജെ.പിക്ക് സ്വാധീനമുള്ള സമുദായിക വോട്ടുകൾ അടർത്തിയെടുക്കുകയാണ് സി.പി.എമ്മിന്‍റെ ലക്ഷ്യം. അതേസമയം, പ്രാദേശിക, സമുദായിക, ഭാഷാ സമവാക്യങ്ങളെ ഒരുമിപ്പിക്കാൻ കഴിയുന്ന സ്ഥാനാർഥിയാവും മഞ്ചേശ്വരം മണ്ഡലം ഇത്തവണ പിടിച്ചെടുക്കുക...

Tags:    
News Summary - Manjeshwar By Election 2019 Full Coverage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.