കേരള കോൺഗ്രസ് നേതാക്കൾ

നിലംതൊടാതെ മാണി കോൺഗ്രസ്; മത്സരിച്ച 12 ഇടങ്ങളിലും തോറ്റമ്പി; പാലായിൽ ഗതിപിടിക്കാതെ ജോസ് കെ മാണി

കോട്ടയം: ഒരുകാലത്ത് യു.ഡി.എഫിലെ കരുത്തരായ സംഘമായിരുന്ന കേരള കോൺഗ്രസ് (എം)ന്റെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ ചോദ്യ ചിഹ്നമാക്കി വൻ തകർച്ച. എൽ.ഡി.എഫിന്റെ ഭാഗമായി 12 സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് മാണിക്ക് ഒരിടത്തും ലീഡ് നേടാനാവാതെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാണംകെട്ടു.

പാർട്ടി ചെയർമാൻ ​ജോസ് കെ മാണി സ്വന്തം തട്ടകമായ പാലായിൽ വീണ്ടും തോറ്റു. സിറ്റിങ് എം.എൽ.എയും യൂ.ഡി.എഫ് സ്വതന്ത്രനുമായ മാണി സി കാപ്പൻ 2417 വോട്ടിനാണ് ജോസ് കെ മാണിയെ തോൽപിച്ചത്. 1965 മുതൽ തുടർച്ചയായി 13 തെരഞ്ഞെടുപ്പുകളിൽ കെ.എം മാണി ജയിച്ച മത്സരം 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് ആദ്യം കൈവിടുന്നത്.​ കെ.എം മാണിയുടെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിനായി രംഗത്തിറങ്ങിയ ജോസ് ടോം പുളിക്കുന്നേൽ തോറ്റതോടെയാണ് മണ്ഡലം ആദ്യമായി കൈവിട്ടത്. 2021ൽ ജോസ് കെ മാണി മണ്ഡലം തിരിച്ചുപിടിക്കാൻ രംഗത്തിറങ്ങിയെങ്കിലും മാണി സി കാപ്പനോട് 15,378 വോട്ടിന് തോറ്റു. ഇത്തവണയും അതു തന്നെയായി വിധി.

പാർട്ടിയിലെ രണ്ടാമനായ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (ഇടുക്കി), മുതിർന്ന നേതാവ് എൻ. ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരും തോൽവി ഉറപ്പിച്ചു.

പി.ജെ. ജോസഫുമായുള്ള തർക്കത്തെത്തുടർന്ന് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ കേരള കോൺഗ്രസ് (എം), 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കോട്ടയം ജില്ലയിൽ ഇടതുമുന്നണിക്ക് വലിയ മുന്നേറ്റം നേടിക്കൊടുത്തിരുന്നു. 2021-ൽ 12 സീറ്റിൽ മത്സരിച്ച പാർട്ടി അഞ്ച് സീറ്റിലാണ് ജയിച്ചത്.

നിർമല ജിമ്മി (കടുത്തുരുത്തി), മാത്യൂ കുന്നപ്പള്ളി (ഇരിക്കൂർ), ബിജു ചിറയത്ത് (ചാലക്കുടി), അഡ്വ. ജോബ് മൈക്കിൾ (ചങ്ങനാശ്ശേരി), പ്രമോദ് നാരായണൻ (റാന്നി), സിറിയക് ചാഴിക്കാടൻ (തൊടുപുഴ), സാബു കെ ജേക്കബ് (പിറവം), ബേസിൽ പോൾ (പെരുമ്പാവൂർ) എന്നിവരായിരുന്നു മറ്റു സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ.

അതേമസയം, യു.ഡി.എഫിന്റെ ഭാഗമായി എട്ട് സീറ്റുകളിൽ മത്സരിച്ച കേരള കോൺഗ്രസ് ജോസഫ് ഏഴിടങ്ങളിൽ വിജയമുറപ്പിച്ചു.

Tags:    
News Summary - Mani's Congress suffers setback in kerala assembly election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.