കൊച്ചി: വികസന പ്രവർത്തനങ്ങളുടെ പേരിൽ കഴിഞ്ഞ 47 വർഷത്തിനിടെ കേരളത്തിൽ നശിപ്പിക്കപ്പെട്ടത് 683 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാട്. ഇതിൽ നല്ലൊരു ഭാഗവും എറണാകുളം ജില്ലയിലാണ്. 1970ൽ കേരളത്തിലെ കണ്ടൽക്കാടുകളുടെ വിസ്തൃതി 700 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇപ്പോഴത് 17 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഏഴു വർഷത്തിനിടെ മാത്രം എട്ടു ചതുരശ്ര കിലോമീറ്ററിലധികം കണ്ടൽക്കാടുകൾ ഇല്ലാതായി.
സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ 70 ശതമാനത്തിലധികവും സ്വകാര്യ ഉടമസ്ഥതയിലാണെന്ന് വനം വകുപ്പിെൻറ രേഖകൾ വ്യക്തമാക്കുന്നു. വ്യാപക നശീകരണത്തിന് ഇതും കാരണമാണ്. എറണാകുളം ജില്ലയിൽ എൽ.എൻ.ജി പദ്ധതിക്കായി 190 ഹെക്ടർ കണ്ടൽ വനം നശിപ്പിക്കപ്പെട്ടു. ഫിഷറീസ് പദ്ധതികൾക്കായി 70 ഏക്കറും കൊച്ചി തുറമുഖത്തിെൻറ ഡ്രഡ്ജിങ് ജോലികൾക്കായി 25 ഏക്കറും അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലിനായി 27 ഏക്കറും മറ്റാവശ്യങ്ങൾക്കായി 30 ഏക്കറും കണ്ടൽ വനമാണ് നശിപ്പിക്കപ്പെട്ടത്. കണ്ണൂർ ജില്ലയിൽ 755ഹെക്ടറും എറണാകുളം ജില്ലയിൽ 200 ഹെക്ടറും കണ്ടൽ വനങ്ങൾ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്.
കണ്ടൽ സംരക്ഷണത്തിന് കൊച്ചിയിലെ ഫിഷറീസ്, സമുദ്രപഠന സർവകലാശാല ചില പദ്ധതികൾ നടപ്പാക്കിവരുകയാണ്. 2001ൽ ഉണ്ടായിരുന്ന 1.27 ലക്ഷം ഹെക്ടർ തണ്ണീർത്തട പ്രദേശങ്ങളുടെ 60 ശതമാനമേ സംസ്ഥാനത്ത് ശേഷിക്കുന്നുള്ളൂ. പാടശേഖരങ്ങളുടെ വിസ്തൃതി 17 വർഷം കൊണ്ട് 8.54 ലക്ഷം ഹെക്ടറിൽനിന്ന് 1.18 ലക്ഷം ഹെക്ടറായി കുറഞ്ഞു.കൈയേറ്റം മൂലം വേമ്പനാട്ട് കായലിെൻറ വിസ്തൃതി മൂന്നിലൊന്നായി ചുരുങ്ങി. നികത്തലും കൈയേറ്റവും തടയാൻ സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴിൽ തണ്ണീർത്തട സംരക്ഷണ അതോറിറ്റി രൂപവത്കരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.