മുള്ളൻപന്നിയെ പിടിക്കാൻ ശ്രമം; തുരങ്കത്തിനുള്ളിൽ കുടുങ്ങി യുവാവ്​ മരിച്ചു

കുമ്പള: മുള്ളന്‍പന്നിയെ പിടികൂടാന്‍ തുരങ്കത്തിനുള്ളിൽ കയറിയ യുവാവിന് ദാരുണാന്ത്യം. ബായാര്‍ ധര്‍മത്തടുക്ക പൊസോടി ഗുംപെയിലെ സുബ്ബു നായിക്കി​​​െൻറ മകൻ നാരായണ നായിക് എന്ന രമേശയാണ് (35) തുരങ്കത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് മുള്ളൻപന്നി വേട്ടക്കിറങ്ങിയ ഇയാൾ തുരങ്കത്തിനകത്ത് കുടുങ്ങിയത്. ഒരു രാത്രിയും പകലും നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് അഗ്​നിശമനസേനക്ക്​ യുവാവി​​​െൻറ മൃതദേഹം പുറത്തെടുക്കാനായത്. ദേഹത്ത് മണ്ണിടിഞ്ഞുവീണ് മൂടിയതാണ് മരണത്തിനിടയാക്കിയത്.

കൂലിപ്പണിക്കാരനായ രമേശ വ്യാഴാഴ്ച ഉച്ചവരെ പണിയെടുത്ത് വീട്ടിൽ മടങ്ങിയെത്തിയതിനുശേഷം കടയിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നീട് രാത്രി പത്തു മണിയോടെ, രമേശ തുരങ്കത്തിൽ കുടുങ്ങി എന്ന വാർത്തയാണ് വീട്ടുകാരെ തേടിയെത്തിയത്. ഒാക്‌സിജന്‍ സിലിണ്ടര്‍ ഉപയോഗിച്ച് ഗുഹക്കകത്തുകടന്ന് സേനാംഗങ്ങള്‍ വ്യാഴാഴ്ച രാത്രി നാലു മണിക്കൂറോളം രക്ഷാപ്രവർത്തനത്തിന് ശ്രമം നടത്തിയെങ്കിലും രമേശയെ പുറത്തെടുക്കാന്‍ സാധിച്ചില്ല.

കൊണ്ടുവന്ന മുഴുവന്‍ ഓക്‌സിജന്‍ സിലിണ്ടറുകളും ഓരോ പ്രാവശ്യം മാറ്റി ആറു പ്രാവശ്യം അകത്തുകയറിയെങ്കിലും പുറത്തെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇതേത്തുടർന്ന്​ രാത്രിയിൽ നിർത്തിയ രക്ഷാപ്രവർത്തനം വെള്ളിയാഴ്ച രാവിലെ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട്​ നാലു മണിയോടെ തുരങ്കം നിർമിക്കുന്ന വിദഗ്ധ തൊഴിലാളികളുടെ സഹായത്തോടെയാണ് അഗ്​നിശമന സേനക്ക്​ മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹത്തിനരികിൽ മൂന്ന് മുള്ളൻ പന്നികളെയും കണ്ടെത്തി. പുറത്തെത്തിക്കുമ്പോൾ അവയിൽ രണ്ടെണ്ണം ചത്തിരുന്നു. ഒരെണ്ണം പരിക്കേറ്റ് അർധ പ്രാണനായിരുന്നു. പോസ്​റ്റ്​ മോർട്ടത്തിനായി രമേശയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യ: ഗായത്രി. മക്കൾ: ചൈത്ര, ചേതൻ, പവൻ. സഹോദരങ്ങൾ: പ്രശാന്ത്​, സതീഷ, ലക്ഷ്​മീഷ, സുന്ദരി, സുനന്ദ.

Tags:    
News Summary - Man Dead in Caves at Kasargod-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.