അങ്കമാലി: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 201 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ ഹിമാചൽ പ്രദേശിൽനിന്ന് അങ്കമാലി പൊലീസ് പിടികൂടി. മട്ടാഞ്ചേരി പാണ്ടിക്കുടി പുത്തൻപുരയ്ക്കൽ വീട്ടിൽ ഫൈസലിനെയാണ് (44) അങ്കമാലി പൊലീസ് പിടികൂടിയത്. ഇയാളുടെ കൂട്ടാളിയും മുഖ്യ പ്രതിയുമായ വിബിനിനെ കഴിഞ്ഞ വർഷം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗളൂരുവിൽ നൈജീരിയൻ വംശജനായ ക്യാപ്റ്റൻ റെഗ്നാർഡ് പോളിൽ നിന്നാണ് ഇവർ രാസലഹരി വാങ്ങിയിരുന്നത്. ഇയാൾ വർഷങ്ങൾക്ക് മുമ്പ് സ്റ്റുഡൻറ് വിസയിലാണ് ഇന്ത്യയിലെത്തിയത്. വിസയുടെ കാലാവധി കഴിഞ്ഞ ശേഷവും ഇവിടെ തുടരുകയായിരുന്നുവത്രെ. രാസ ലഹരി ഉത്പ്പാദിപ്പിക്കാൻ പ്രാവീണ്യം നേടിയിരുന്നതിനാൽ 'കുക്ക്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഇയാളെ അങ്കമാലി പൊലീസ് ബംഗളൂരുവിലെ താവളത്തിലെത്തി സാഹസികമായി കീഴടക്കി കേരളത്തിലെത്തിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ മയക്ക് മരുന്നു സംഘങ്ങൾക്ക് രാസലഹരി നിർമ്മിച്ചു നൽകിയിരുന്നതും ഇയാളാണത്രെ. വിബിനും റെഗ്നാർഡ് പോളും റിമാൻഡിലാണ്.
കഴിഞ്ഞ മേയിലാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് തടഞ്ഞു നിർത്തി പരിശോധിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന രാസ ലഹരി പിടികൂടിയത്. മുഖ്യപ്രതി വിബിനിനെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മയക്കുമരുന്ന് വിപണനത്തിന് പണം മുടക്കുന്ന ഫൈസലിനെ പിടികൂടാനായില്ല. പൊലീസിന്റെ അന്വേഷണത്തിൽ ഫൈസലും വിബിനും ചേർന്നാണ് ബംഗളൂരുവിൽ മയക്കുമരുന്ന് വാങ്ങാൻ പോയതെന്ന് വ്യക്തമായി. രാസ ലഹരി വാങ്ങിയ ശേഷം ഫൈസൽ മറ്റൊരു വാഹനത്തിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. മട്ടാഞ്ചേരി ടൗണിലാണ് വിൽപന നടത്തുന്നതെന്നും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ അംഗമാണ് ഇരുവരുമെന്നും പൊലീസ് പറഞ്ഞു.
ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ്. ബിജീഷ്, ബേബി ബിജു, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, ടി.പി. ദിലീപ്, സി.പി. ഷിഹാബ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ റിമാൻഡ് ചെയ്തു.
രാസ ലഹരി കടത്തിയ കേസിൽ പിടിയിലായ ഫൈസൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.