മൂവാറ്റുപുഴ: ഉറങ്ങിക്കിടന്ന കുട്ടികളുടെ മാല കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വയനാട് അമ്പലവയൽ വികാസ് കോളനി താന്നിക്കൽ വീട്ടിൽ അബ്ദുൽ ആബിദ് (27) ആണ് പിടിയിലായത്. പേഴയ്ക്കാ പിള്ളി സബയ്ൻ ആശുപത്രിക്ക് സമീപം വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ ഡോക്ടറുടെ വീട്ടിൽ കഴിഞ്ഞ നാലിന് പുലർച്ചെയായിരുന്നു മോഷണം നടന്നത്.
വീട്ടിൽ കയറി ഉറങ്ങി കിടന്ന കുട്ടികളുടെ കഴുത്തിൽ കിടന്ന മൂന്ന് പവനോളം തൂക്കം വരുന്ന രണ്ട് മാല മൊബൈൽ ഫോൺ, എന്നിവയാണ് മോഷ്ടിച്ചത്. പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തൊടുപുഴയിൽ നിന്ന് പിടികൂടിയത്. വിവിധ കേസുകളിൽ ശിക്ഷ ലഭിച്ച ശേഷം ഈ വർഷം ജനുവരിയിൽ ജയിലിൽ നിന്നും ഇറങ്ങിയ പ്രതി തൊടുപുഴയിലെ വസ്ത്ര വ്യാപാരസ്ഥാപനത്തിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു.
രാത്രിയിൽ ടർഫിൽ ഫുട്ബോൾ കളിക്കാൻ എന്ന വ്യാജേന പുറത്ത് ഇറങ്ങിയാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. തന്‍റെ കാമുകിമാർക്ക് ഗിഫ്റ്റ് വാങ്ങി നൽകുന്നതിലും ആഡംബരജീവിതം നയിക്കുന്നതിനും വേണ്ടിയാണ് പ്രതി മോഷണം നടത്തി വന്നിരുന്നത്. പ്രതിയുടെ താമസസ്ഥലത്തു നിന്ന് 15 ആഡംബര മൊബൈൽ ഫോണുകൾ, ലാപ്ടോപ്, പേഴ്സ്, ടാബ്ലറ്റ് എന്നിവ കണ്ടെടുത്തു. പ്രതി സ്ഥിരമായി മോഷണമുതലുകൾ നൽകുന്ന മൊബൈൽ ഷോപ്പുകൾക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട് മുവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസ്, പൊലീസ് ഇൻസ്പെക്ടർ സി. ജെ. മാർട്ടിൻ, എസ് .ഐ. വി.കെ. ശശികുമാർ, എ. എസ് .ഐ രാജേഷ് സി.എം, ജയകുമാർ പി .സി, സി .പി .ഓ ബിബിൽ മോഹൻ തുടങ്ങിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.