തിരുവനന്തപുരം: സിനിമ താരങ്ങളായ മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആസിഫ് അലി എന്നിവരുടെ പേരിൽ മുസ്ലിം ലീഗിൽ അംഗത്വമെടുത്തെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ ശരിയല്ലെന്ന് പാർട്ടി നേതൃത്വം. വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് വിവരം.
മുസ്ലിം ലീഗ് സംസ്ഥാനതലത്തിൽ നടത്തിയ കാമ്പയിനിൽ സൂപർ സ്റ്റാർ മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആസിഫ് അലി എന്നീ താരങ്ങളുടെ പേരിൽ തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാൻകുളം വാർഡിൽ നിന്ന് അംഗത്വമെടുത്തെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം വന്നത്.
അംഗങ്ങളുടെ വിവരങ്ങൾ ഡിജിറ്റലായി ശേഖരിച്ചായിരുന്നു ഇത്തവണ അംഗത്വവിതരണം. വീടുകൾതോറും കയറിയിറങ്ങി അംഗത്വ വിതരണത്തിനാണ് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. ഇത് ഓൺലൈനിൽ അപ്ലോഡ് ചെയ്യണം. ഓരോ വാർഡിനും ചുമതലക്കാരെയും, വിവരങ്ങൾ അപ്ലോഡ് ചെയ്യാൻ പാസ് വേഡും നൽകിയിരുന്നു.
ക്യാമ്പയിൻ പൂർത്തിയാക്കി അംഗത്വ പട്ടിക പരിശോധിച്ചപ്പോൾ കളിപ്പാൻകുളം വാർഡിൽ ഷാരൂഖ് ഖാൻ, മമ്മൂട്ടി, ആസിഫ് അലി തുടങ്ങിയവരുടെ പേരിൽ അംഗത്വം ചേർത്തതായി കണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് ലീഗ് നേതൃത്വം.
സംസ്ഥാനതലത്തിൽ നടത്തിയ അംഗത്വ കാമ്പയിനിലൂടെ 24,33,295 പേരാണ് ലീഗിൽ അംഗങ്ങളായത്. കഴിഞ്ഞ തവണയേക്കാൾ 2,33,295 പേർ വർധിച്ചു. അംഗങ്ങളിൽ 51 ശതമാനം സ്ത്രീകളാണ്. 61 ശതമാനം പേരും 35 വയസ്സിന് താഴെയുള്ളവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.