മമ്മൂട്ടിയും ​സുഹൃത്ത് ശശിധരൻ എടവനക്കാട്

എനിക്ക് ‘മമ്മൂട്ടി’ എന്ന് പേരിട്ടയാൾ, ‘ദേ... ഇവിടെയിരിപ്പുണ്ട്’; സുഹൃത്തിനെ വേദിയിലേക്ക് വിളിച്ചുവരുത്തി രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി

കൊച്ചി: മലയാള സിനിമയുടെ ​മേൽവിലാസമായി മാറിയ ‘മമ്മൂട്ടി’ എന്ന പേര് ആദ്യമായി തനിക്ക് സമ്മാനിച്ചയാളെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി നടൻ മമ്മൂട്ടി.

എറണാകുളത്ത് ആരംഭിച്ച മലയാളമനോരമ ഹോർത്തൂസ് ഫെസ്റ്റിന്റെ ഉദ്ഘാടന വേദിയിൽ നിറഞ്ഞ സദസ്സിന് മുന്നിലായിരുന്നു മലയാള സിനിമയുടെ മഹാനടൻ ആ രഹസ്യം വെളിപ്പെടുത്തി, തനിക്ക് പേരിട്ട സുഹൃത്തിനെ സദസ്സിന് പരിചയപ്പെടുത്തിയത്. സിനിമാ​ലോകത്തെ മൂന്നക്ഷരത്തിലേക്ക് ചുരുക്കിയ പേരിന്റെ ഉപജ്ഞാതാവിനെ ആൾക്കൂട്ടത്തിനിടയിൽ ചൂണ്ടിക്കാണിച്ച മമ്മൂട്ടി, അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റി പരിചയപ്പെടുത്തുകയും ചെയ്തു.

എടവനക്കാട് സ്വദേശി ശശിധരൻ ആയിരുന്നു മഹാരാജാസ് കോളജിലെ പഠനകാലത്തിനിടെ മുഹമ്മദ് കുട്ടിയുടെ പേര് മമ്മൂട്ടിയാക്കിയ ആ സുഹൃത്ത്. മഹാരാജാസിലെ പഠനകാലം പറഞ്ഞുകൊണ്ടായിരുന്നു മമ്മൂട്ടി സംസാരം തുടങ്ങിയത്. 

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ

‘മഹാരാജാസ് കോളജ് എന്ന് കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന ഉൾ​പുളകം ഇവിടത്തെ ഓരോ വിദ്യാർഥികൾക്കുമുണ്ടാവും. മഹാരാജാസ് ഒരു വികാരമാണ്.

പഠിക്കുന്ന കാലത്ത് എന്റെ പേര് മറ്റൊന്നായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് വളരെ അപരിഷ്കൃതമായി തോന്നി. പരിചയമില്ലാത്തവരോട് എന്റെ പേര് ഉമർ ഷരീഫ് എന്നായിരുന്നു പരിചയപ്പെടുത്തിയത്. അങ്ങനെയിരിക്കെ, കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ പോക്കറ്റിൽ നിന്നും ഐഡന്റിറ്റി കാർഡ് പുറത്തു വീണു. അന്ന് കൂട്ടുകാരിൽ ഒരാൾ കാർഡ് എടുത്തിട്ട് നിന്റെ പേര് ഉമർ ഷെരീഫ് അല്ലല്ലോ, മമ്മൂട്ടി എന്നല്ലേയെന്ന് ചോദിച്ചു. അന്നു മുതലാണ് എന്റെ സുഹൃത്തുക്കൾക്കിടയിലും, ഇപ്പോൾ നിങ്ങൾക്കിടയിലും ഞാൻ മമ്മൂട്ടി എന്നറിയപ്പെടുന്നത്.

പിന്നീട് പലരും ചോദിച്ചിട്ടുണ്ട് ആ പേരിട്ടത് ആരാണെന്ന്. പലരും സ്വമേധയാ മുന്നോട്ട് വന്ന് ക്രെഡിറ്റ് എടുത്തിട്ടുണ്ട്. പക്ഷേ, എനിക്ക് ആ പേരിട്ട, എനിക്കറിയാവുന്ന ആൾ ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ പേര് ശശിധരൻ എടവനക്കാട് ആണ്. അദ്ദേഹത്തെ ഞാൻ ഈ വേദിയിൽ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുന്നു. വലിയൊരു രഹസ്യം ഇന്ന് വെളിപ്പെടുത്താൻ സർപ്രൈസായി കാത്തിരിക്കുകയായിരുന്നു’-നിറഞ്ഞ കൈയടികൾക്കിടയിൽ മമ്മൂട്ടി പറഞ്ഞു.

Tags:    
News Summary - Mammootty introduces a friend named Mammootty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.