മറക്കാൻ കഴിയില്ല; ഹൃദയത്തിലിടം തന്ന കഥാകാരന്റെ വീട്ടിൽ മമ്മൂട്ടി

കോഴിക്കോട്: വിടപറഞ്ഞ മലയാളത്തിന്റെ മഹാസാഹിത്യകാരന് ആദരാഞ്ജലികളർപ്പിക്കാനും കുടുംബത്തെ ആശ്വസിപ്പിക്കാനും നടൻ മമ്മൂട്ടി എത്തി. നടൻ പിഷാരടിയും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.എം.ടി മരിക്കുമ്പോൾ അസർബൈജാനിൽ സിനിമ ചിത്രീകരണത്തിലായിരുന്നു മമ്മൂട്ടി. യാത്രാപ്രശ്നം നേരിട്ടതിനാൽ സംസ്കാരചടങ്ങുകളിൽ പ​ങ്കെടുക്കാൻ സാധിച്ചിരുന്നില്ല. മടങ്ങി​യെത്തിയപ്പോഴാണ് മമ്മൂട്ടി എം.ടിയുടെ കുടുംബാംഗങ്ങളെ കാണാൻ കോഴിക്കോട്ടെ വീട്ടിലെത്തിയത്. എം.ടിയെ മറക്കാൻ കഴിയില്ലെന്നും അത് കൊണ്ടാണ് വീട്ടിലേക്ക് വന്നതെന്നും നടൻ പറഞ്ഞു.

എം.ടിയുടെ തൂലികയിൽ പിറന്ന നിരവധി കഥാപാത്രങ്ങൾക്കാണ് മമ്മൂട്ടി അഭ്രപാളിയിൽ ജീവൻ നൽകിയത്. മമ്മൂട്ടിയുടെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു അതെല്ലാം.

ആൾക്കൂട്ടത്തിൽ തനിയെ, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, അനുബന്ധം, ഇടനിലങ്ങൾ, കൊച്ചുതെമ്മാടി, ഒരു വടക്കൻ വീരഗാഥ, മിഥ്യ, സുകൃതം, കേരളവർമ പഴശ്ശിരാജ തുടങ്ങിയ എണ്ണമറ്റ സിനിമകൾ. അതിൽ എം.ടിയുടെ ആത്മാംശമുള്ള സിനിമയാണ് സുകൃതം.

എം.ടിയുടെ ഹൃദയത്തിൽ ഇടം കിട്ടിയതാണ് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നാണ് അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മമ്മൂട്ടി സാമൂഹിക മാധ്യമത്തിൽ കുറിച്ചത്. എം.ടിയെ നെഞ്ചോട് ചേർത്ത ചിത്രവും പങ്കുവെച്ചിരുന്നു.

''ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു. സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി. നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു.​''-എന്നായിരുന്നു മമ്മൂട്ടി കുറിച്ചത്.

Tags:    
News Summary - Mammootty in Sithara to meet MT's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.