മമ്പാട് മണ്ണിനടിയിൽപ്പെട്ട മൂന്ന് തൊഴിലാളികളെ രക്ഷപ്പെടുത്തി

നിലമ്പൂർ: വീടിൻെറ സംരക്ഷണഭിത്തി നിർമാണത്തിന് മണ്ണെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് മൂന്ന്​ തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഒന്നര മണിക്കൂർ കഠിന ശ്രമത്തിനൊടുവിൽ ഇവരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. മമ്പാട് തോണിക്കടവിൽ തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ചാലിൽ അബ്​ദുൽ കരീമി​​​െൻറ വീടിന്​ സംരക്ഷണഭിത്തിക്ക് മണ്ണെടുക്കുന്നതിനിടെയാണ് അപകടം.

കർണാടക ഗുണ്ടൽപേട്ട് കുവാട് സ്വദേശി ഏഴിമല (26), ഓടായിക്കൽ തുറനാട്ടുതൊടിക ഫിറോസ് (30), മമ്പാട് ടാണ കരുത്തിൽതൊടിക മുസ്തഫ (40) എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ തൊഴിലാളികളുടെ മുകളിലേക്ക് തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. രണ്ട് തൊഴിലാളികളുടെ അരഭാഗം വരെ മണ്ണിനടിയിലായി. മുകൾഭാഗത്ത് ഒന്നരയാൾ പൊക്കത്തിൽ മൺതിട്ട അപകടകരമായ നിലയിലായിരുന്നു.

വിവരമറിഞ്ഞ് മൂന്ന് മണിയോടെ സ്ഥലത്തെത്തിയ നിലമ്പൂർ, തിരുവാലി ഫയർഫോഴ്സ് സംഘം ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. മൂന്ന് തൊഴിലാളികളും അവശരും ഭയചകിതരുമായിരുന്നു. മണ്ണുമാന്തി യന്ത്രത്തി‍​​െൻറ സഹായത്തോടെ സമീപത്തെ മണ്ണ് മാറ്റി. തൂമ്പയും ഷവലും ഉപയോഗിച്ച് തൊഴിലാളികളുടെ ശരീരഭാഗത്തുള്ള മണ്ണ് സാവധാനം ഒഴിവാക്കി. ഇതിനിടെ മേൽഭാഗത്തുള്ള മൺതിട്ട അടർന്ന് വീണത് ഫയർഫോഴ്സ് സാഹസികമായി നീക്കം ചെയ്തു.

നാല് മണിയോടെ മൂന്ന് തൊഴിലാളികളെയും ഫയർഫോഴ്സും നാട്ടുകാരും പൊലീസും ചേർന്ന് രക്ഷപ്പെടുത്തി. നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച തൊഴിലാളികൾക്ക് കാര‍്യമായ പരിക്കുകളില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. മണ്ണിനടിയിൽപ്പെട്ട് ഞരമ്പ് വലിഞ്ഞുമുറുകി. ശരീരഭാഗങ്ങളിൽ ചിലയിടങ്ങളിൽ ചതവുണ്ട്.

നിലമ്പൂർ സ്​റ്റേഷൻ ഓഫിസർ എം. അബ്​ദുൽ ഗഫൂർ, അസി. സ്​റ്റേഷൻ ഓഫിസർ ഒ.കെ. അശോകൻ, തിരുവാലി അസി. സ്​റ്റേഷൻ ഓഫിസർ എം.ടി. മുനവ്വറുസ്മാൻ, ലീഡിങ്​ ഫയർമാൻമാരായ പി.കെ. സജീവ്, സി.കെ. നന്ദകുമാർ, ഫയർമാൻമാരായ ഇ.എം. ഷിൻറു, കെ. സുഹൈർ, എം.വി. അജിത്ത്, കെ. അഫ്സൽ, എ. ശ്രീരാജ്, വി.യു. റുമേഷ്, വി. അബ്​ദുൽ മുനീർ, എ.കെ. ബിബുൽ, ബി. ഗിരീഷ് കുമാർ, ടി.കെ. പ്രതീഷ് കുമാർ, എൻ.ടി. അനീഷ്, എം. ഫസലുല്ല, എൻ. മെഹബൂബ് റഹ്മാൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. നാട്ടുകാരും പൊലീസും സഹായികളായി.

Tags:    
News Summary - Mambad Landslide: Two People Rescued -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.