കൊച്ചി: ലൈംഗികാതിക്രമ കേസിൽ വ്ലോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടു. ഇടക്കാല മുൻകൂർ ജാമ്യമുള്ളതിനാലാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചത്. അഞ്ച് മണിക്കൂറോളം ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദേശത്തായിരുന്ന ഷാക്കിർ നാട്ടിലെത്തിയതോടെയാണ് അറസ്റ്റ്.
സൗദി പൗരയായ യുവതിയുടെ പീഡന പരാതിയിൽ ഷാക്കിർ സുബ്ഹാന് കഴിഞ്ഞയാഴ്ച ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അനുമതി കൂടാതെ സംസ്ഥാനം വിട്ടു പോകാൻ പാടില്ല, പാസ്പോർട്ട് ഹാജരാക്കണം, പരാതിക്കാരെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത് എന്നിങ്ങനെയുള്ള ഉപാധികളോടെയാണു ഹൈകോടതി ജാമ്യം നൽകിയത്. വിദേശത്തുള്ള സാക്കിർ കേരളത്തിലെത്തണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു.
താൻ നൂറു ശതമാനം നിരപരാധിയാണെന്ന് നാട്ടിലെത്തിയ ശേഷം ഷാക്കിർ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കേസിൽ പേടിക്കേണ്ട ആവശ്യം ഇല്ല. നിയമത്തിന് അതിന്‍റേതായ വഴികൾ ഉണ്ട്. അതിനാൽ ആ വഴി പോയെ പറ്റൂ. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാക്കിർ പറഞ്ഞിരുന്നു.
സൗദി പൗരയായ ഇരുപത്തൊമ്പതുകാരിയാണ് ഷാക്കിർ സുബ്ഹാനെതിരെ പരാതി നൽകിയത്. സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഏറെ നാളായി കൊച്ചിയിൽ താമസിക്കുന്ന സൗദി പൗരയായ യുവതിയെ അഭിമുഖം ചെയ്യുന്നതിനായാണു മല്ലു ട്രാവലർ ഹോട്ടലിലെത്തിയത്. ഈ സമയത്ത് യുവതിയുടെ പ്രതിശ്രുത വരനും സ്ഥലത്തുണ്ടായിരുന്നു. പിന്നീട് പ്രതിശ്രുത വരൻ പുറത്തേക്ക് പോയ സമയത്ത് ഷാക്കിർ സുബ്ഹാൻ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണു പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.