അട്ടപ്പാടിയിലെ മല്ലീശ്വരിയുടെ ഭൂമി: സർവേ നടത്താൻ ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന് സബ് കലക്ടർ

കോഴിക്കോട്: അട്ടപ്പാടിയിലെ മല്ലീശ്വരിയുടെ മുത്തച്ഛൻ പൊത്തയുടെ ഭൂമി സർവേ ചെയ്യാൻ റവന്യു-സർവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകണമെന്ന് ഒറ്റപ്പാലം സബ് കലക്ടർ മിഥുൻ പ്രേംരാജ്. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അഗളി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനാണ് കത്ത് നൽകിയത്. മാധ്യമം ഓൺലൈൻ വാർത്തയെതുടർന്നാണ് അഗളി മേലെ ഊരിലെ ആദിവാസിയായ മല്ലീശ്വരിയുടെ മുത്തച്ഛൻ പൊത്തയുടെ ഭൂമി അന്യാധീനപ്പെട്ട വിഷയം വിവാദമായത്.

അഗളി ടൗണിൽ പൊത്തയുടെ പേരിൽ 5.60 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും ഇത് തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥർക്കാണ് മല്ലീശ്വരി ആദ്യംപരാതി നൽകിയത്. മല്ലീശ്വരിയുടെ പരാതി ലഭിച്ചതിന് ശേഷം റിപ്പോർട്ട് സമർപ്പിക്കുന്നതിന് അഗളി ഭൂരേഖ തഹസിൽദാർക്ക് 2023 ജൂൺ 23ന് കത്തും 2014 ജനുവരി 18നും ആഗസ്റ്റ് 16നും നവംമ്പർ 26നും ഓർമക്കുറിപ്പും സബ് കലക്ടർ അയച്ചു. 

റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാത്തതിനാൽ ഒടുവിൽ മല്ലീശ്വരി ഹൈകോടതിയിൽ ഹരജി നൽകി. മല്ലീശ്വരിയുടെ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് 2023 ഒക്ടോബർ 11ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതോടെ അഗളി ഭൂരേഖ തഹസിൽദാർ 2023 നവംമ്പർ 30ന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ട് പ്രകാരം അഗളി വില്ലേജിൽ സർവേ 1129/2 നമ്പരിൽ പെട്ട 5.65 ഏക്കർ (2.29 ഹെക്ടർ) ഭൂമി എ ആൻഡ് ബി രജിസ്റ്റർ പ്രകാരം ആദിവാസി പൊത്തയുടെ പേരിലാണ്.

ഭൂമി പട്ടികവർഗ വിഭാഗത്തിൽപെട്ട വ്യക്തിയിൽ നിന്നും കൈമറിഞ്ഞു വന്നതാകയാൽ ഈ വിഷയത്തിൽ 1999 ലെ കെ.എസ്.ടി നിയമപ്രകാരം നടപടി സ്വീകരിക്കുന്നതിന് ഈ ഭൂമിയുടെ അതിർത്തി കൃത്യമായി നിർണയിക്കണം. അതിന്റെ ഭാഗമായി സ്ഥലം സർവേ ചെയ്യാൻ താലൂക്ക് സർവേയർക്ക് സബ് കലക്ടർ നിർദേശം നൽകി. എന്നാൽ, സർവേക്കെതിരെ പ്രദേശത്തെ ജനങ്ങളിൽ നിന്നും പ്രതിഷേധവുണ്ടായി.

ഭൂമി അളക്കാനെത്തിയ ഹെഡ് സർവേയറെ പ്രദേശവാസികൾ തടഞ്ഞു. അട്ടപ്പാടി താലൂക്ക് ഓഫീസ്, അഗളി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ ഉപരോധമുൾപ്പടെ സമരവും നടത്തി. ഈ വിഷയത്തിൽ കലക്ടർക്ക് പരാതിയും നൽകി. തൊട്ടടുത്ത ദിവസം ഹെഡ് സർവേയർ പുഴ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിക്ക് അളന്ന് നൽകിയ സംഭവത്തിൽ സസ്പെൻഷനിലുമായി. അതിനാൽ പൊത്തയുടെ ഭൂമി അളക്കാൻ കഴിഞ്ഞില്ല.

ഈ സാഹചര്യത്തിൽ ആദിവാസിയായ പൊത്തയുടെ ഭൂമി സർവേ നടത്തുന്നതിന് റവന്യൂ, സർവേ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സംരക്ഷണം നൽകുന്നതിന് അഗളി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് സബ് കലക്ടർ കത്ത് നൽകിയത്. കെ.കെ രമ എം.എൽ.എ അട്ടപ്പാടി സന്ദർശിച്ചപ്പോഴും മല്ലീശ്വരി പരാതി നൽകിയിരുന്നു.

Tags:    
News Summary - Malleeswari's land in Attapadi: Sub-Collector to provide police protection to officials to survey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.