കൊടൈക്കനാൽ പൂണ്ടി വനത്തിൽ കാണാതായ മലയാളി യുവാക്കളെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തി

കോട്ടയം: തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ വിനോദയാത്ര പോയി പൂണ്ടി വനത്തിൽ കാണാതായ ഈരാറ്റുപേട്ട തേവരുപാറ സ്വദേശികളായ യുവാക്കളെ രണ്ട് ദിവസത്തെ തെരച്ചിലിനൊടുവിൽ കണ്ടെത്തി. തേവരുപാറ പള്ളിപ്പാറയിൽ അൽത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകൻ ഹാഫിസ് (23) എന്നിവരെയാണ് കണ്ടെത്തിയത്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ അഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നും ഇവരെ കാണാതാവുക‍യായിരുന്നു.

പൂണ്ടി വനത്തിൽ 25 കിലോമീറ്റർ ഉള്ളിലുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. ആനകളുള്‍പ്പെടെ വന്യജീവികളുള്ള സ്ഥലമാണ് കത്രികവ. ഇവിടെ വിറക് വെട്ടാന്‍ പോയ രണ്ട് തൊഴിലാളികളാണ് പുലര്‍ച്ചെ നാല് മണിയോടെ ആദ്യം ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് തൊഴിലാളികൾ തമിഴ്‌നാട് പൊലീസിൽ വിവരം അറിയിക്കുകയും ഉച്ചയോടെ ഇരുവരെയും കാടിന് പുറത്ത് എത്തിക്കുകയും ചെയ്‌തു.

ചൊവ്വാഴ്ച രാത്രിയിലാണ് ഇവരെ കാണാതായത്. രാത്രിയിൽ കാട് കാണാനായി ഇറങ്ങിയപ്പോൾ ശക്തമായ കോടയിലും മഞ്ഞിലും വഴിതെറ്റി ഉൾവനത്തിലേക്ക് പോയതാണ് ഇരുവരും. ഇരുവരെയും കാണാതായതിനെ തുടർന്ന് കൂട്ടത്തിലുണ്ടായിരുന്നവർ നാട്ടുകാരെ അറിയിക്കുകയും തുടർന്ന് തമിഴ്‌നാട് പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

സംഭവം അറിഞ്ഞതിനെ തുടർന്ന് ഈരാറ്റുപേട്ട പൊലീസും ബന്ധുക്കളും ടീം നന്മക്കൂട്ടവും കൊടൈക്കനാലിൽ തെരച്ചിലിനായി എത്തിയിരുന്നു. കൊടൈക്കനാലിൽ നിന്നും 16 കിലോമീറ്റർ ഉള്ളിലാണ് പൂണ്ടി വനമേഖല.

Tags:    
News Summary - Malayali youth who went missing in the forest were found after two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.