ഫാ. സുധീറും ഭാര്യ ജാസ്മിനും
നാഗ്പൂർ: ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം നടത്തുന്നുവെന്ന ബജ്റംഗ്ദൾ പ്രവർത്തകരുടെ ആരോപണത്തിൽ അറസ്റ്റിലായതിൽ കൂടുതൽ പ്രതികരണവുമായി സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ മലയാളി വൈദികനായ ഫാ. സുധീർ. ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് ഫാ. സുധീർ മാധ്യമങ്ങളോട് വ്യക്തമാക്കി.
ബി.ജെ.പിയിൽ നിന്നും ശിവസേനയിൽ നിന്നും ബജ്റംഗ്ദളിൽ നിന്നും മുമ്പ് ജീവന് ഭീഷണി ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യൻ വിശ്വാസികളോട് സംസാരിക്കുമ്പോഴാണ് ഭീഷണിയുണ്ടായത്. മറ്റൊരു മതവിഭാഗത്തിന്‍റെ സ്ഥലങ്ങളിൽ കടന്നാക്രമണത്തിന് ഒരിക്കലും പോയിട്ടില്ല. ജീവന് ഭീഷണി നേരിട്ട കാര്യങ്ങളെ കുറിച്ചു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഫാ. സുധീർ പറഞ്ഞു.
ക്രിസ്മസ് പാട്ടുകൾ പാടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയാണോ?. എന്ത് തെറ്റാണ് ചെയ്തതെന്ന് മനസിലാകുന്നില്ല. സഹായിക്കാൻ എത്തിയവർക്കെതിരെ പോലും കേസെടുത്തു. സഹായിക്കാൻ വന്നവരെ ബജ്റംഗ്ദൾ പ്രവർത്തകർ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വാഹനങ്ങൾ കടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചു. ഭയാനക സാഹചര്യമാണെന്നും ഫാ. സുധീർ ചൂണ്ടിക്കാട്ടി.
കസ്റ്റഡിയിലുള്ളപ്പോൾ സഭാ വസ്ത്രം ധരിക്കാൻ അനുവദിച്ചില്ല. പൊലീസ് മാനുഷിക പരിഗണന പോലും നൽകിയില്ല. സഭാ വസ്ത്രം ഉപയോഗിച്ചില്ലേ എന്നും ബൈബിൾ കൈയ്യിൽ പിടിച്ചില്ലേ എന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചത്.
ഹിന്ദുക്കൾക്കും മുസ് ലിംകൾക്കും അവരുടെ സ്ഥാനവസ്ത്രങ്ങളും മതപരമായ വസ്ത്രങ്ങളും ധരിക്കാം. ഒരു ബിഷപ്പിനോ പുരോഹിതനോ കന്യാസ്ത്രീക്കോ സ്ഥാനവസ്ത്രം ധരിക്കാൻ പാടില്ല. ഇത് ഒരുതരം ഇരട്ടത്താപ്പാണ്. ബൈബിൾ വായിക്കരുതെന്ന് പൊലീസ് പറഞ്ഞു. ബൈബിൾ വായിക്കാനും വായിച്ച് കേൾപ്പിക്കാനും പാടില്ലേ എന്നും ഫാ. സുധീർ ചോദിച്ചു.
സുവിശേഷ പ്രവർത്തനത്തിനാണ് ഇറങ്ങിയതെന്നും ദൈവം അവസരം നൽകുന്ന കാലത്തോളം സുവിശേഷം നടത്തുമെന്നും ഫാ. സുധീറിന്‍റെ ഭാര്യ ജാസ്മിനും വ്യക്തമാക്കി.
ക്രിസ്മസ് ആഘോഷത്തിനിടെ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കൈമാറിയ മലയാളി വൈദികനെയും കുടുംബത്തെയുമാണ് മഹാരാഷ്ട്ര പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സി.എസ്.ഐ സൗത്ത് കേരള ഡയോസിസ് നാഗ്പൂർ മിഷനിലെ വൈദികനായ ഫാ. സുധീർ, അദ്ദേഹത്തിന്റെ ഭാര്യ ജാസ്മിൻ എന്നിവരുൾപ്പെടെ 12 പേരാണ് ബജ്‌റങ്ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയിലെ അമരവിള സ്വദേശിയായ ഫാ. സുധീർ അഞ്ച് വർഷമായി മഹാരാഷ്ട്രയിൽ സേവനമനുഷ്ഠിച്ചു വരികയാണ്. അറസ്റ്റിലായ ബാക്കി പത്തു പേർ മഹാരാഷ്ട്ര സ്വദേശികളാണ്. ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവർക്കും പ്രദേശവാസികളായ ആറു പേർക്ക് ബുധനാഴ്ച കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി നാഗ്പുർ, അമരാവതി തഹസിലിലെ സിൻഗോഡിയിലുള്ള ഒരു വീട്ടിൽ പ്രാർഥന നടക്കുന്നതിനിടെ ബജ്റംഗ്ദൾ പ്രവർത്തകർ തടയുകയും സംഘർഷാവസ്ഥയുണ്ടാക്കി പൊലീസിന് കൈമാറുകയുമായിരുന്നു. മുമ്പും സംഘ്പരിവാർ ആക്രമണത്തിന് ഇവർ ഇരയായിട്ടുണ്ട്.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു അറസ്റ്റ്. ക്രിസ്മസ് ആഘോഷത്തിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘ്പരിവാർ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയായിരുന്നു ഇതും. അറസ്റ്റിനെതിരെ കേരളത്തിൽ സഭാ നേതൃത്വത്തിൽ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതിനിടെയാണ് ജാമ്യം ലഭിച്ചത്.
അതേസമയം, മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ ആറു പേരെ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്തയച്ചു.
സംഭവം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും മതം വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനത്തെക്കുറിച്ച് ഗൗരവമായ ആശങ്കകൾ ഉയർത്തുകയാണെന്നും സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി.
സമാധാനപരമായ പ്രാർഥനായോഗം നടത്തിയതിന് വ്യക്തികളെ അറസ്റ്റ് ചെയ്യുന്നത് ഭരണഘടനവിരുദ്ധവും നമ്മുടെ ജനാധിപത്യ, മതേതര മൂല്യങ്ങളുടെ ചൈതന്യത്തിനെതിരുമാണ്. വിഷയത്തിൽ കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും വി.ഡി. സതീശൻ കത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.