വിവാദ സിനിമയായ ‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ കാണാൻ ആളില്ല. കോഴിക്കോട് റീഗൽ തിയറ്ററിൽ രണ്ട് പേർ മാത്രം ബുക്ക് ചെയ്ത സിനിമയുടെ പ്രദർശനം കാൻസൽ ചെയ്തു. രാത്രി പത്ത് മണിക്ക് പ്രദർശിപ്പിക്കുന്ന സിനിമക്ക് മതിയായ ആളുകൾ എത്താത്തതിനെ തുടർന്നാണ് ഷോ കാൻസൽ ചെയ്തതെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിൽ സിനിമക്ക് ലഭിക്കുന്നത് തണുപ്പൻ പ്രതികരണമാണ്. നിലവില്‍ എറണാകുളത്ത് ഏഴ് തിയറ്ററുകളിലാണ് കേരള സ്റ്റോറി 2 പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ രാവിലെ 10.30 നാണ്. ഷോ നടക്കുന്ന ജില്ലയിലെ പാൻ സിനിമാസ് തിയറ്ററില്‍ ആകെ ബുക്ക് ചെയ്തത് ആറ് പേർ മാത്രമാണ്. പി.വി.ആറില്‍ രണ്ടുപേരാണ് ബുക്ക് ചെയ്തത്. കൊച്ചിയിലെ പ്രമുഖ തിയറ്ററായ ഷേണായീസിലും ആളുകള്‍ എത്തിയിട്ടില്ല.
കേരളത്തെ മോശമായി ചിത്രീകരിച്ച സിനിമ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. പിന്നാലെ 15 ദിവസത്തേക്ക് സിനിമ പ്രദർശിപ്പിക്കരുതെന്ന് സിംഗ്ൾ ബെഞ്ച് ഉത്തരവിടുകയായിരുന്നു. സിനിമ സാമുദായിക ഐക്യത്തെ ബാധിക്കാനും ഒരു വിഭാഗത്തെ അവഹേളിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത അധികാരികളുടെ സൂക്ഷ്മപരിശോധനയില്ലാതെ റിലീസ് ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സിംഗ്ള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാൽ കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് സിനിമക്ക് പ്രദർശനാനുമതി നൽകുകയായിരുന്നു.
കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരിയും എറണാകുളം സ്വദേശി ഫ്രെഡി ഫ്രാന്‍സിസുമാണ് കേരള സ്റ്റോറി 2 സിനിമ റദ്ദാക്കുക, ടീസറും ട്രെയിലറും നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചുള്ള ഹരജി നല്‍കിയത്. സിനിമയുടെ ട്രെയിലറിൽ യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതടക്കമുള്ള രംഗങ്ങൾ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമക്കെതിരെ കേരളത്തിൽ നിന്നും വലിയ തോതിൽ എതിർപ്പുണ്ടായിരുന്നു. സിനിമ നിർബന്ധിത മതപരിവർത്തനം, ഭീകരവാദം തുടങ്ങിയ പരാമർശങ്ങൾ കേരളത്തെ തെറ്റായി ചിത്രീകരിക്കുന്നതാണെന്നും സിനിമയിലൂടെ കേരളത്തിന്റെ മതസൗഹാർദം തകർക്കാനാണ് ലക്ഷ്യമിടുന്നതെന്നും പറഞ്ഞ് വലിയ തോതിൽ പ്രതിഷേധമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.