അനിൽ നീലാംബരിയും സുഹൃത്തുക്കളും നേപ്പാളിൽ
പയ്യന്നൂർ (കണ്ണൂർ): ‘‘തിരുവോണ ദിവസം രാവിലെ കാഠ്മണ്ഡുവിൽനിന്ന് പൊക്റയിലേക്കുള്ള യാത്രയിലായിരുന്നു മലയാളികളായ ഞങ്ങൾ 36 സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള വാഹനം. നദിയുടെ ഓരം ചേർന്നുള്ളതാണ് പാത. ശാന്തമായി ഒഴുകുന്ന നദി. ഗുവാച്ചി എന്ന സ്ഥലത്തെത്തിയപ്പോൾ മുമ്പിൽ വാഹന നിരയും ആൾക്കൂട്ടവും. ഇറങ്ങി നോക്കിയപ്പോഴാണ് നടുക്കുന്ന ആ കാഴ്ച കണ്ടത്.
അതുവരെ ശാന്തമായി ഒഴുകിയ നദി സംഹാരരുദ്രയായി മാറിയിരിക്കുന്നു. മുമ്പോട്ട് സഞ്ചരിക്കാനുള്ള പാതയും പാലവും കരയിലെ കെട്ടിടങ്ങളുമെല്ലാം വിഴുങ്ങിയാണ് നദി കുതിക്കുന്നത്’’ -നേപ്പാളിലെ പൊക്റയിൽനിന്ന് അധ്യാപകനായ അനിൽ നീലാംബരി ഇതുപറയുമ്പോൾ സംഭവം കണ്ട് ഒന്നര ദിവസം പിന്നിട്ടിട്ടും വാക്കുകളിൽ ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല.
ഇപ്പോൾ സുരക്ഷിത പ്രദേശത്താണെന്നും അദ്ദേഹം പറഞ്ഞു. രണ്ടുഭാഗങ്ങളിലേക്കും യാത്ര ചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. പാതയെല്ലാം നദിയെടുത്തു. പിന്നീട് ദുർഘടം പിടിച്ച കാനനപാതയിലൂടെ 60 കി.മീറ്ററിലധികം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തെത്തിയത്.
പരിയാരത്തെ അധ്യാപിക ദീപയും ബാങ്ക് ഉദ്യോഗസ്ഥ ജിഷയും ഉൾപ്പെടെ കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്ന് ഏഴുപേരാണ് സംഘത്തിലുള്ളത്. എല്ലാവരും സുരക്ഷിതരാണ്. മുഖ്യമന്ത്രിയുടെ ഓഫിസും എം.എൽ.എമാരായ സന്ദീപ് വാര്യരും വി. കുഞ്ഞികൃഷ്ണനും നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതായി അനിൽ നീലാംബരി ‘മാധ്യമ’ത്തോടു പറഞ്ഞു.
29ന് യു.പിയിലെ ഖൊരക്പൂരിൽനിന്നാണ് നാട്ടിലേക്കുള്ള മടക്ക വിമാനം. എറണാകുളത്തെ സ്വകാര്യ ടൂർ കമ്പനിയാണ് ഇവരെ കൊണ്ടുപോയത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.