തിരുവനന്തപുരം: നാലുപതിറ്റാണ്ടോളം കേരള പൊലീസിനെ വട്ടം ചുറ്റിച്ച സുകുമാരക്കുറുപ്പ് കേസ് വീണ്ടും ക്രൈംബ്രാഞ്ച് കെട്ടിപ്പൂട്ടുന്നു. വർഷങ്ങളായി തീരുമാനമാകാതെ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പ് തുറന്ന കേസ് ഡയറി കുറുപ്പ് ജീവിച്ചിരിക്കാൻ ഇടയില്ല എന്ന നിഗമനത്തിലാണ് എന്നെന്നേക്കുമായി അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഒരു തുമ്പും കിട്ടാത്ത ക്രൈം എന്ന നിലയിൽ ‘തെളിയിക്കപ്പെടാത്ത കേസായി’ ഫയൽ അവസാനിപ്പിക്കാനാണ് തീരുമാനം. ഹൃദ്രോഗ ബാധിതനായ സുകുമാരക്കുറുപ്പ് അന്വേഷണ കാലയളവിൽ മരിച്ചിരിക്കാം എന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.
1982 ജനുവരി 22ന് സ്വന്തം പേരിലുള്ള ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിന് താനുമായി രൂപസാദൃശ്യമുള്ള ചാക്കോ എന്നയാളെ കൊന്നശേഷം കാറിലിട്ട് കത്തിച്ചുവെന്നതാണ് കേസ്. കൃത്യത്തിലേർപ്പെട്ട മറ്റ് നാലു പ്രതികളും പിടിയിലായിട്ടും കുറുപ്പിനെ മാത്രം കണ്ടെത്താനായിരുന്നില്ല. പലവട്ടം ഫയൽ പൊടിതട്ടിയെടുത്തും എങ്ങുമെത്താതെ അവസാനിപ്പിച്ചതുമായ ഫയൽ പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് വീണ്ടും തുറന്നത്. കൊലക്കുശേഷം കുറുപ്പിനെ അവസാനമായി കണ്ടു എന്ന് അവകാശപ്പെട്ട ഝാർക്കണ്ടിൽ നഴ്സായിരുന്ന ആലപ്പുഴ സ്വദേശി രത്നമ്മയുടെ മൊഴി വീണ്ടും ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തി.
ഈ മൊഴി അടിസ്ഥാനപ്പെടുത്തിയുള്ള വിലയിരുത്തലും ഒപ്പം കുടുംബാംഗങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവമാണ് കുറുപ്പ് നിലവിൽ ജീവനോടെ ഉണ്ടായിരിക്കില്ല എന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ചിനെ എത്തിച്ചത്.
40 വർഷം മുമ്പ് രത്നമ്മ ജോലിചെയ്ത ഝാർക്കണ്ടിലെ ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സക്ക് എത്തിയതായിരുന്നു കുറുപ്പ്. അന്ന് ഏകദേശം 40 വയസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ വയസ്സ് 80 ആകും.
കുടുംബാംഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലും കുറുപ്പുമായി ഒരു ബന്ധവുമില്ലെന്ന് കണ്ടെത്തുകയായിരുന്നു. മറ്റു ചില കാര്യങ്ങൾ കൂടി അന്വേഷിച്ച് ഉറപ്പുവരുത്തിയശേഷമാകും കേസ് അവസാനിപ്പിക്കാനുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. തുടർന്ന് ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറും. അതിനുശേഷം ഉന്നതതല യോഗം ചേർന്നാകും അന്തിമ തീരുമാനമെടുക്കുക.
കത്തിയമർന്ന അംബാസഡർ കാറും തീയെടുക്കാത്ത ചോദ്യങ്ങളും
44 വർഷം മുമ്പ് അസാധാരണമായ കുറ്റകൃത്യത്തിലൂടെ കേരളത്തെ ഞെട്ടിച്ച പിടികിട്ടാപ്പുള്ളിയാണ് ചെങ്ങന്നൂർ ചെറിയനാട് താന്നിമേലിൽ സുകുമാരക്കുറുപ്പ്. 1984 ജനുവരി 22ന് മാവേലിക്കര കുന്നംവയലിൽ രാവിലെ നാട്ടുകാർ കണ്ട കത്തയമരുന്ന അംബാസഡർ കാറിൽ നിന്നാണ് സുകുമാരക്കുറുപ്പ് എന്ന നിഗൂഢതയിലേക്കുള്ള കഥകളുടെ തുടക്കം. ഡ്രൈവിങ് സീറ്റിനരികെ തിരിച്ചറിയാനാവാത്ത വിധം മൃതശരീരം കണ്ടെത്തിയിരുന്നു. കാറിനടുത്തായി ചെരിപ്പ് കണ്ടെത്തിയതും നെല്ല് ചവിട്ടിമെതിച്ച് വയലിൽക്കൂടി ഒരാൾ ഓടിപ്പോയതിന്റെ അടയാളങ്ങളും റോഡിൽ നിന്ന് കാർ കത്തിക്കിടന്ന സ്ഥലം വരെ തീ കത്തിയതിന്റെ ലക്ഷണങ്ങളും കാറിന്റെ മുൻ വശത്ത് കണ്ട തീപ്പെട്ടിയുമാണ് ദുരൂഹതയിലേക്ക് ആദ്യം വിരൽ ചൂണ്ടിയത്. കാർ ഉൾപ്പെടെ ഒരു മനുഷ്യനെ പൂർണമായും കത്തിച്ചത് തെളിവുകൾ നശിപ്പിക്കുക എന്ന വ്യക്തമായ ആസൂത്രണമാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. വർഷങ്ങൾ ജോലി ചെയ്ത ശേഷം ശേഷം ഗൾഫിൽ നിന്ന് രണ്ടാഴ്ച മുമ്പ് മാത്രം വന്നയാളുടെ ദേഹത്ത് വാച്ചോ ചെരിപ്പോ ഇല്ലാതിരുന്നതും അസാധാരണമായി തോന്നി. മരിച്ചയാളുടെ ശ്വാസകോശത്തിൽ കരിയുടെ അംശം അൽപം പോലുമുണ്ടായിരുന്നില്ല. കാറിനും ശരീരത്തിനും തീ പിടിച്ചപ്പോൾ ജീവനുണ്ടായിരുന്നെങ്കിൽ പുകയും കരിയും ശ്വാസകോശക്കുഴലിൽ കടന്നേനെ.
ഇതെല്ലാം മുൻനിർത്തിയാണ് കൊലക്കുശേഷം മൃതശരീരം കത്തിച്ചതാണെന്ന് സംശയലേശമെന്യേ കരുതാമെന്ന് ഫോറൻസിക് മേധാവിയായിരുന്ന ഡോ. ഉമാദത്തൻ റിപ്പോർട്ടെഴുതിയത്. ഇവിടെ നിന്നാണ് സുകുമാരക്കുറുപ്പിനായുള്ള അന്വേഷണങ്ങൾ തുടങ്ങുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.